നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്തിലെ തെരുവമ്പറമ്പ് നൊച്ചിക്കണ്ടി ഭാഗത്ത് വാണിമേൽ പുഴ കയ്യെറിയെന്ന പരാതിയിൽ കേരള നദീ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സികെ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്ത് അലി എരോത്ത്, സെക്രെട്ടരിയേറ്റ് അംഗം ജലജ വികെ എന്നിവർ സ്ഥലം സന്ദർശിച്ചു.
വാണിമേൽ പുഴ വെള്ളപ്പൊക്കകാലത്തും പ്രളയ സമയത്തും യു ടേൺ പോലെ വളയുന്ന നൊച്ചിക്കണ്ടി ഭാഗത്ത് പുഴയുടെ വശങ്ങൾ ഇടിഞ്ഞു വീഴുന്നത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. എന്നാൽ പുഴ എടുത്തു പോയി എന്ന് അവകാശപ്പെടുന്ന കരഭാഗം തിരിച്ചു പിടിക്കുന്നത് നിയമപരമായി മാത്രമേ സാധ്യമാകൂ.
ഇതിനായി താലൂക്ക് സർവെയറുടെ സഹായത്തോടെ സർവ്വേ നടത്തി, പുഴയുടെ അതിരുകൾ അടയാളപ്പെടുത്തുകയും പുഴ / റവന്യു പുറമ്പോക്ക് ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ മാത്രമേ വശങ്ങൾ കെട്ടിയെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികൾ ചെയ്യാവൂ.
വാണിമേൽ-നാദാപുരം പഞ്ചായത്തുകൾ അതിര് പങ്കിടുന്ന പുഴയിൽ ദശാബ്ദങ്ങളായി അടിഞ്ഞു കൂടിയ മൺതിട്ടകൾ മൂലം മഴക്കാലത്ത് പുഴയിൽ നിന്ന് തോടുകളിലൂടെ വെള്ളമൊഴുകി നൊച്ചിക്കണ്ടി-തെരുവൻപറമ്പ് ഭാഗത്തെ നൂറോളം വീടുകളിൽ മഴക്കാലത്ത് വെള്ളം കയറി നരക തുല്യമാകുന്ന സാഹചര്യവുമുണ്ട്.
വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം കൂടി പരിഗണിച്ച്, പുഴയോട് ചേർന്ന് മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് പുഴ ഒഴുക്ക് സുഗമമാക്കി ഈ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
സർവ്വേ നടത്തുന്നതിന് നാദാപുരം ഗ്രാമ പഞ്ചായത്ത് താലൂക്ക് സർവ്വേ വിഭാഗവുമായി ത്വാരിതഗതിയിൽ നടപടി കൈക്കൊള്ളണമെന്ന് സ്ഥലം സന്ദർശിച്ചു കൊണ്ട് പുഴ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. ഒപ്പം ബന്ധപ്പെട്ട അധികാരികൾക്ക് ഹരജികൾ സമർപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാർഡ് മെമ്പർ കുഞ്ഞിരാമൻ, നാട്ടുകൾ എന്നിവർ സന്നിഹിതരായിരുന്നു.
#Replenishment #river #theruvamparamp #River #Protection #Committee #survey #demarcate #boundaries