നാദാപുരം: (nadapuram.truevisionnews.com) ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ആശുപത്രിയോട് അധികൃതർ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
മലയോര മേഖലയിലേതടക്കം നിരവധി പേരാണ് സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
കിടത്തി ചികിത്സ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അധികൃതർക്ക് കഴിയുന്നില്ല . ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തത് ആശുപത്രിയോടുള്ള അവഗണനയായിട്ടാണ് വിമർശനം ഉയരുന്നത് .
ജനറൽ ഒപിയിൽ ആവശ്യമായി വരുന്ന നാല് ഡോക്ടർമാരിൽ രണ്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അതിൽ തന്നെ ഈവനിംഗ് ഒ.പിയിൽ ഒരേ ഒരു ഡോക്ടറുടെ സേവനമാണ് രോഗികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലും ഡോക്ടറുടെ കുറവുണ്ട് .
കിടത്തി ചികിത്സയ്ക്ക് സൗകര്യപ്പെടുത്തിയ സ്ഥലം സ്റ്റോറേജ് ആയി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവരുടെ അശ്രദ്ധയും അലംഭാവവും താലൂക്ക് ആശുപത്രിയെ എപ്പോഴും സംഘർഷഭരിതമാക്കുകയാണ് ഈ അവസ്ഥക്ക് ഉത്തരവാദിത്തപ്പെട്ടവർ എത്രയും പെട്ടെന്ന് പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്ന് ആശുപത്രി അധികൃതരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
നിയോജകമണ്ഡലം പ്രസിഡൻറ് ഇബ്രാഹിം തലായി സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ വൈസ് പ്രസിഡണ്ട് ഉമർ കല്ലോളി എന്നിവർ പങ്കെടുത്തു.
#Resolve #dilapidated #condition #Nadapuram #Taluk #Hospital #immediately #SDPI