നാദാപുരം: (nadapuram.truevisionnews.com) വിദ്യാർത്ഥികൾക്കും യുവജനങ്ങള്‍ക്കുമിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമ വാസനക്കുമെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി യു എ ഇ കെഎംസിസി നാദാപുരം മണ്ഡലം കോ- ഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ വിപുലമായ ക്യാമ്പയിൻ ആചരിക്കുന്നു.

18 ന് ചൊവ്വാഴ്ച തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഇഫ്താർ സംഗമത്തോടെ കൂടിയാണ് ക്യാമ്പയിൻ ആരംഭിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം നാലരക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. സ്വാമി ശ്രീമദ് ആത്മദാസ് യമി, ഫാദർ വിൽസൻ മുട്ടത്തുകുന്നേൽ എന്നിവർ അതിഥികളായി പങ്കെടുക്കും.
ഇഫ്താർ സംഗമത്തിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കും. 'ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ' എന്ന പ്രമേയത്തിലധിഷ്ഠിതമായ ക്യാമ്പയിൻറെ ഉദ്ഘാടന ചടങ്ങിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
സ്‌കൂൾ കുട്ടികൾ ഉൾപ്പടെ മാരക ലഹരിക്ക് അടിമപ്പെടുന്നുവെന്ന അപകടകരമായ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് യു എ ഇ കെഎംസിസി നാദാപുരം കമ്മിറ്റി ഒരു വർഷം നീളുന്ന ബഹുജന കാമ്പയ്‌ൻ ആരംഭിക്കുന്നത്.
നാദാപുരം മണ്ഡലമുടനീളം മനുഷ്യ ശൃംഖല തീർത്ത് ലഹരിക്കെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവജന, വിദ്യാർത്ഥി സംഘടനകൾ ലഹരിക്കെതിരെ ഒരേസ്വരത്തിൽ മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ പറഞ്ഞു.
സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഒരുമിച്ചുള്ള ചെറുത്തു നില്പുണ്ടാവണമെന്ന് അവർ അഭ്യർത്ഥിച്ചു.
മുസ്ലിംലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, സ്വാഗത സംഘം ചെയർമാൻ കെ പി മുഹമ്മദ്, ജനറൽ കൺവീനർ സാലി മുഹമ്മദ് പുതുശേരി, ട്രഷറർ ടി കെ അബ്ബാസ്, ഭാരവാഹികളായ റിയാസ് ലൂളി, സുഫൈദ് ഇരിങ്ങണ്ണൂർ, സി പി അഷ്‌റഫ്, മുഹമ്മദ് എടച്ചേരി, മീഡിയ കമ്മിറ്റി ചെയർമാൻ എം കെ അഷ്‌റഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#Iftar #gathering #tomorrow #KMC #lead #fight #against #drug #abuse