നാദാപുരം : (nadapuram.truevisionnews.com) പെരുന്നാളാഘോഷത്തിന്റെ മറവിൽ പൊതുസ്ഥലത്തുവെച്ച് പടക്കംപൊട്ടിച്ച കേസിൽ രണ്ടുസ്ഥലത്തായി 65 ആളുടെ പേരിൽ പോലീസ് കേസെടുത്തു. വാണിമേൽ ഭൂമിവാതുക്കൽ ടൗണിൽ 50 ആളുടെ പേരിലും കല്ലാച്ചി ടൗണിൽ 15 ആളുടെ പേരിലുമാണ് കേസെടുത്തത്.

വാണിമേൽ കുളപ്പറമ്പ്, ഭൂമിവാതുക്കൽ എന്നിവിടങ്ങളിലാണ് പടക്കംപൊട്ടിച്ചത്. കുളപ്പറമ്പിൽ പോലീസ് ഒട്ടേറെത്തവണ വിലക്കിയെങ്കിലും പടക്കം പൊട്ടിക്കുന്നത് തുടർന്നു. തിരക്കേറിയ കല്ലാച്ചി -നാദാപുരം റോഡിൽവെച്ച് പടക്കം പൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.
പോലീസ് സ്ഥലത്തെത്തിയതോടെയാണ് പടക്കംപൊട്ടിക്കുന്ന സംഘം പിൻവാങ്ങിയത്. കുളപ്പറമ്പിൽ പടക്കംപൊട്ടിക്കുന്ന രംഗങ്ങൾ പോലീസുതന്നെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കല്ലാച്ചിയിൽ പടക്കംപൊട്ടിക്കുന്ന രംഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെരുന്നാളാഘോഷത്തിന്റെ മറവിൽ പൊതുസ്ഥലത്തുവെച്ച് പടക്കംപൊട്ടിക്കരുതെന്ന സന്ദേശം വായിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പോലീസിന്റെ നിർദേശം പാലിക്കണമെന്ന പള്ളിക്കമ്മിറ്റി ഭാരവാഹികളും ഇമാമുമാരും വെള്ളിയാഴ്ചമുതൽ പള്ളികളിൽനിന്ന് നിർദേശം നൽകിയിരുന്നു.
#Case #bursting #crackers #public #place #Nadapuram #Police #register #against #people