നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് നെടുംപറമ്പ് പ്രദേശത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുള്ള തരത്തിൽ കൊതുകുകൾ പെരുകുന്ന തോട്ടത്തിന്റെ ഉടമൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്.

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തോട്ടങ്ങളും പറമ്പുകളും സ്ഥാപനങ്ങളും കൃത്യമായി ശുചീകരിക്കണമെന്നും കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടും മതിയായ നടപടിയുണ്ടായില്ല. നോട്ടീസ് അവഗണിച്ച അന്തു മുത്താച്ചിക്കുന്നുമ്മൽ, അബു മയങ്ങിയിൽ എന്നിവർക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
ഇവരുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകാൻ വഴിയൊരുക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ മുപ്പതോളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി കൊതുകുകൾ പെരുകുന്ന സാഹചര്യം ഇല്ല എന്നുറപ്പു വരുത്തുന്നതോടൊപ്പം ഒഴിച്ചിട്ട പറമ്പുകളും റബ്ബർ/അടക്കാ തോട്ടങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തി പരിപാലിക്കണമെന്നും പനിയും മറ്റ് അസുഖങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജയരാഘവൻ, ചിഞ്ചു കെ.എം എന്നിവരും പങ്കെടുത്തു.
Dengue prevention Health Department prepares take action against plantation owners