നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് - വയനാട് ചുരമില്ലാ പാതക്ക് വീണ്ടും പ്രദേശവാസികൾ സംഘടിക്കുന്നു . ജനകീയ വികസന സമിതി വാണിമേൽ വാട്സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിലങ്ങാട്- വയനാട് ചുരമില്ലാ പാത പ്രാവർത്തികമാക്കുക, കല്ലാച്ചി മുതൽ വിലങ്ങാട് വരെയുള്ള റോഡിന്റെ ശോചസനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി പൊതുജനയോഗം നടന്നു. ഭൂമിവാതുക്കൽ വ്യാപാരി ഭവനിൽ വെച്ചായിരുന്നു യോഗം. അമ്പലക്കണ്ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വയനാട്ടിലേക്കുള്ള ഏറ്റവും എളുപ്പമുള്ളതും വളരേ കുറച്ച് മാത്രം വനഭൂമി നഷ്ടപ്പെടുന്നതുമായ ഈ പാതയുടെ കാര്യത്തിൽ പഞ്ചായത്ത് മുതൽ അങ്ങ് മേലോട്ട് വരെയുള്ള സർക്കാറും ഉദ്യോഗസ്ഥരുമൊക്കെ കാണിച്ച അലംഭാവം കാരണം ഇന്നും എങ്ങുമെത്താതെ മുരടിച്ചു നിൽക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. കളത്തിൽ മുഹമ്മദ് ഇഖ്ബാൽ സ്വാഗത പ്രസംഗത്തിൽ രണ്ട് വിഷയങ്ങളുടെയും പ്രാധാന്യവും അതോടൊപ്പം വാണിമേലിന്റെ ടൂറിസം മേഖല വികസിക്കാൻ കൂടി ഇത് അത്യാവശ്യമാണെന്ന് വിശദീകരിക്കുകയും ചെയ്തു.
തുടർന്ന് സംസാരിച്ച ഔസെപ്പച്ചൻ മണിമല, മുല്ലക്കൽ ജോണി, എന്നിവർ വിഷയം സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള മെല്ലെപ്പോക്ക് നയം കാരണം മുരടിച്ചു നിൽക്കുന്ന നാൾവഴികൾ വിശദമാക്കി. ചർച്ചയിൽ പങ്കെടുത്ത ബസ് ഓണേർസ് പ്രസിഡണ്ട് കവൂർ കുഞ്ഞമ്മദ് ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡ് തീരെ സഞ്ചാരയോഗ്യമല്ലാത്തതിനാൽ ബസ്സോട്ടം നിർത്തിവെക്കുന്ന കാര്യം വരെ ആലോചിച്ചതും അധികൃതരുടെ വാക്ക് കേട്ട് അത് വേണ്ടെന്ന് വെച്ചെങ്കിലും അധികൃതരുടെ അനാസ്ഥയും മെല്ലെപ്പോക്ക് നയവും കാരണം ഇത് വരെയായി ഒന്നും നടന്നില്ലെന്നും വിശദമാക്കി.



വാഴയിൽ മൊയ്‌ദു ഹാജി, സാബു കക്കട്ടിൽ, സഞ്ജയ് ബാവ, സൂപ്പി വാണിമേൽ മുതലായവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിലങ്ങാട് - വയനാട് റോഡ് അധികൃതരുടെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാനും വിലങ്ങാട് ഉരുൾപൊട്ടൽ കാരണം നിലച്ചുപോയ റോഡിൻ്റെ തുടർനടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
Alternative road needed; Demand for Vilangad-Wayanad road again