വളയം: (nadapuram.truevisionnews.com)നാദാപുരം മേഖലയിൽ കനത്ത മഴ തുടരുന്നു. വളയത്ത് ഇന്ന് പെയ്‌ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു. വളയം ചാലിയാട്ട് പൊയിൽ കിണറ്റിൽപിലാവുള്ള പറമ്പത്ത് കണ്ണൻ്റെ വീടാണ് തകർന്നത്. വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
അതേസമയം, നിർത്താതെ പെയ്ത പേമാരിയിൽ വ്യാപക നാശനഷ്ടങ്ങളും അപകടങ്ങളും . കണ്ണൂർ ജില്ലാ അതിർത്തിയിൽ ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു. കുന്നിടിഞ്ഞത് അർദ്ധരാത്രിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് ഏതാനും വാര അകലെ നെല്ലിക്കാ പറമ്പ് -അരൂ ണ്ട- കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതവും പൂർണമായും നിലച്ചു.
ഇതിനിടെ നാദാപുരത്ത് പിക്കപ്പ് വാൻ പുഴ കൈവരിയിൽ ഇടിച്ചു തകർന്നു. അപകടം ഒഴിവായത് തലനാരിഴക്ക്. വണ്ടിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കല്ലാച്ചി - വളയം റോഡിലെ വിഷ്ണുമംഗലം പലത്തിലാണ് അപകടം. മിനി വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം.
കനത്ത മഴയിൽ നിറഞ്ഞ് ഒഴുകുന്ന വാണിമേൽ-മയ്യഴി പുഴയിലേത്ത് വാഹനം വീഴാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നിട്ടുണ്ട്.
അപകട കാരണം വ്യക്തമായിട്ടില്ല. പാലത്തിൽ ഗതാഗത തടസം നേരിട്ടു. പുലർച്ചെ പൊലീസ് എത്തിയാണ് വാൻ മാറ്റിയത്.
Roof of house collapsed due to heavy rain in Valayam