നാദാപുരം: (nadapuram.truevisionnews.com) വളയത്ത് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് പ്രതികൾ റിമാണ്ടിൽ. വളയം അരിങ്ങാട്ടിൽ മുഹമ്മദ് നജാദ് (18), ചെറുമോത്ത് ചേരിക്കുന്നമ്മൽ മുഹമ്മദ് ഷാദിൽ, എലിക്കുന്നുമ്മൽ മുഹമ്മദ് സിയാദ് (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
അമിതവേഗതയിൽ പോവുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് 19കാരനെ മർദ്ദിക്കുകയായിരുന്നു. വളയം സ്വദേശി വിനയിക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വളയം മാവേലി സ്റ്റോറിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്നു വിനയും സുഹൃത്തും.



വളയം ടൗണിലേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരോട് ഇവർ 'മെല്ലേ പോടോ' എന്ന് പറഞ്ഞു. ഇതിന്റെ വിരോധത്തിൽ സ്കൂട്ടർ യാത്രികർ വിനയിയെയും സുഹൃത്തിനെയും തടഞ്ഞ് വെച്ച് ഭീഷണപ്പെടുത്തുകയും കല്ല് കൊണ്ട് തലയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരിക്കേറ്റ വിനയിയെ ജ്യേഷ്ഠന്റെ സുഹൃത്ത് വളയം സ്വദേശി പുളിയുള്ളതിൽ ഷിജിത്ത് നാദാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ നാദാപുരം കസ്തൂരികുളം പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഒരുസംഘം, കാർ തടഞ്ഞ് നിർത്തി കാറിന്റെ മുൻവശത്തെ ചില്ല് കല്ല് കൊണ്ട് എറിഞ്ഞു തകർക്കുകയും കാർ ഓടിച്ചിരുന്ന ഷിജിത്തിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വിനയ് വളയം പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
Violence against youths in Valayam Three accused remanded, police take strict action