നാദാപുരം: (nadapuram.truevisionnews.com) രണ്ടു മാസത്തിനിടെ നാദാപുരം മേഖലയിൽ തെരുവുനായ് ആക്രമണത്തിൽ ചികിത്സക്ക് വിധേയമായത് 30ഓളം പേർ. നായ്ക്കുട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് വിദ്യാർഥികളായ നാലു പേർ. നാദാപുരം, ചെക്യാട് വളയം, തൂണേരി, വാണിമേൽ പഞ്ചായത്തിലെ കല്ലാച്ചി, നാദാപുരം, തെരുവംപറമ്പ്, കുമ്മങ്കോട്, വാണിമേൽ, വെള്ളിയോട്, കുയ് തേരി, വളയം, ഉമ്മത്തൂർ, ചെക്യാട് പ്രദേശത്ത് നിന്നാണ് നിരവധി പേർക്ക് തെരുവുനായ് ആക്രമണം നേരിടേണ്ടി വന്നത്. ഇതിൽ പലർക്കും സാരമായ പരിക്കായിരുന്നു.
അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്ത് എ.ബി.സി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് നിയമം. എന്നാൽ, മേഖലയിലെ ഒരു പഞ്ചായത്തിലും ഇതിനുള്ള സൗകര്യമില്ല. ഗ്രാമ പ്രദേശങ്ങളിലും നായ്ക്കളുടെ എണ്ണത്തിൽ വർധനവാണുള്ളത്. അക്രമകാരികളായ നായ്ക്കളെ ഭയന്ന് വിദ്യാർഥികളടക്കമുള്ളവർ ഭീതിയോടെ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.



ഇന്നലെ വൈകീട്ട് മാത്രം വളയം ഭാഗത്തുമൂന്നു പേർക്കാണ് കടിയേറ്റത്. ഇതിൽ നാല് വയസ്സുകാരന്റെ പരിക്ക് ഏറെ ഗുരുതരമായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ് ആക്രമിച്ചത്. പരിക്കേറ്റ കുയ് തേരിയിലെ എൽ.കെ.ജി വിദ്യാർഥി ഐസഹംസിനെ (4) ചികിത്സക്കായി വടകരയിലേക്ക് മാറ്റി. മുഖത്തും മറ്റ് ഭാഗത്തുമാണ് പരിക്കേറ്റത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ചെറുമോത്ത് എം.എൽ.പി സ്കൂൾ വിദ്യാർഥി മുഹമ്മദ് അദ്നാൻ (10) നാണ് കടിയേറ്റത്. കാലിൽ കടിയേറ്റ വിദ്യാർഥിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളയത്ത് ഒരു സ്ത്രീക്കും കടിയേറ്റു. ഇവരെ കോഴിക്കോട്ടേക്ക് മാറ്റി. ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി സ്വന്തം സ്കൂൾ ബാഗ് വലിച്ചെറിഞ്ഞാണ് നായിൽ നിന്ന് രക്ഷ നേടിയത്. കല്ലാച്ചി ചീറോത്ത് മുക്കിലും നായ്ക്കൂട്ടത്തിന്റെ ആക്രമത്തിൽ നിന്ന് വിദ്യാർഥിനി രക്ഷപ്പെടുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Over 30 people sought treatment for Nadapuram stray dog attacks over two months