നാദാപുരം: (nadapuram.truevisionnews.com) തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ പുതുജീവൻ. പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ മംഗലാട്ട് തയ്യുള്ളതിൽ ഉബൈദിൻ്റെ മനുഷ്യത്വപരമായ ഇടപെടലാണ് പൂച്ചയ്ക്ക് രക്ഷയായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ആറ് തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചതിനെത്തുടർന്ന് പൂച്ചയുടെ കുടൽ പുറത്തേക്ക് ചാടി ഗുരുതരാവസ്ഥയിലായി. ദയനീയമായ ഈ കാഴ്ച കണ്ട ഉബൈദിൻ്റെ മകളും ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ആയിഷ രൂഷ്ദ ഉടൻ തന്നെ പൂച്ചയെ ആശുപത്രിയിലെത്തിക്കണമെന്ന് നിർബന്ധം പിടിച്ചു.



തുടർന്ന്, പൂച്ചയെ വടകര സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ദീപാവലി ആയതിനാൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ ഉണ്ടായിരുന്നില്ല. സമയം ഒട്ടും കളയാതെ സമീപത്തുള്ള വടകര വെറ്റില മുക്കിലെ വെറ്റ് എക്സൽ ക്ലിനിക്കിൽ എത്തിച്ചു. ഡോ. ഹരിദേവിൻ്റെയും ഡോ. ജിഷ്ണു മുസുവിൻ്റെയും നേതൃത്വത്തിൽ ഉടൻ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു.
ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ സ്കാനിങ്ങിലാണ് പൂച്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 12,000 രൂപയോളം ചെലവ് വന്ന ഈ ചികിത്സാ സഹായത്തിന്, പൂച്ചയുടെ ദയനീയവസ്ഥ അറിഞ്ഞതോടെ ആശുപത്രി അധികൃതർ പകുതി തുക വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു. അധ്യാപകന്റെയും മകളുടെയും ഇടപെടൽ ഒരു ഗർഭിണിപ്പൂച്ചയുടെയും അവളുടെ കുഞ്ഞുങ്ങളുടെയും ജീവനാണ് രക്ഷിച്ചത്.
Pregnant cat whose intestines were torn out in a stray dog attack undergoes surgery to be reborn