തിരുവള്ളൂർ:(https://vatakara.truevisionnews.com/) തിരുവള്ളൂർ അപ്പു ബസാറിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തെ രാഷ്ട്രീയ സംഘർഷമാക്കി മാറ്റാൻ യൂത്ത് ലീഗ് ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി. ഈ സംഭവത്തിൽ സിപിഐഎമ്മിനും ഡിവൈഎഫ്ഐക്കും എതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. ശങ്കരൻ പ്രസ്താവനയിൽ ആരോപിച്ചു.
ചാനിയംകടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ, തിരുവള്ളൂർ ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോ വെള്ളൂക്കര റോഡിൽ വെച്ച് തട്ടുകയും നിർത്താതെ പോവുകയുമായിരുന്നു. തുടർന്ന് അപ്പു ബസാറിൽ വെച്ച് നാട്ടുകാർ ഗുഡ്സ് ഓട്ടോ തടഞ്ഞുനിർത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഈ സമയത്ത് ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ അവിടെയുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
എന്നാൽ, തികച്ചും സ്വാഭാവികമായ ഈ സംഭവത്തെ 'ഡിവൈഎഫ്ഐ ക്രിമിനലുകൾ നടത്തിയ ആൾക്കൂട്ട ആക്രമണം' എന്ന രീതിയിൽ യൂത്ത് ലീഗ് നേതാക്കളും അവരുടെ ചില വാട്സാപ്പ് ഗ്രൂപ്പുകളും പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവസ്ഥലത്ത് പോലുമില്ലാത്ത ആളുകളുടെ പേര് പറഞ്ഞ് വളരെ മോശമായ രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്. ഇത് ബോധപൂർവ്വം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ ഈ പ്രശ്നത്തിൽ സിപിഐഎമ്മിനോ ഡിവൈഎഫ്ഐക്കോ യാതൊരു ബന്ധവുമില്ലെന്ന് കെ.കെ. ശങ്കരൻ വ്യക്തമാക്കി. നടന്ന അക്രമസംഭവങ്ങളെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ ഇത്തരം കള്ളപ്രചരണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
CPM says the clash at Thiruvallur Appu Bazaar is an attempt to politicize it


































