നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ മണ്ഡല പര്യടനം ആവേശോജ്ജ്വലമായി തുടരുന്നു. അനശ്വര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്ഥാനാർഥി വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥന നടത്തിയത്.
ചൊവ്വാഴ്ച രാവിലെ ജാതിയേരിയിലെ രക്തസാക്ഷി കെ. സജീവന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പര്യടനത്തിന് തുടക്കമായത്. തുടർന്ന് വിഷ്ണുമംഗലത്ത് ഈന്തുള്ളതിൽ ബിനുവിന്റെ ബലികുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ച സ്ഥാനാർഥി ബിനുവിന്റെ ബന്ധുക്കളെയും സന്ദർശിച്ചു.
പയന്തോങ്ങിൽ സി.പി.ഐ.എം മുൻ ജില്ലാ കമ്മിറ്റി അംഗം പരേതനായ ടി.സി. ഗോപാലൻ മാസ്റ്ററുടെ വീട് സന്ദർശിച്ച അവർ, അന്തരിച്ച മുതിർന്ന നേതാക്കളായ എ. കണാരൻ, ഇ.വി. കുമാരൻ, ഇ.വി. കൃഷ്ണേട്ടൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും ആദരമർപ്പിച്ചു.
നേതാക്കളുടെ കുടുംബാംഗങ്ങളുമായി സ്ഥാനാർഥി സൗഹൃദം പങ്കിട്ടു. പ്രമുഖ നേതാവ് കെ. ബാലൻ മാസ്റ്ററുടെ വീടും സന്ദർശന പട്ടികയിൽ ഇടംപിടിച്ചു. യാത്രക്കിടയിൽ എടച്ചേരി ടൗണിലെ ഓട്ടോ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർഥി, രക്തസാക്ഷി കോറോത്ത് ചന്ദ്രന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.
ജനതാദൾ നേതാവായിരുന്ന കുളമുള്ളതിൽ കുഞ്ഞേക്കന്റെ വസതിയും അവർ സന്ദർശിച്ചു. വെള്ളൂരിലെ സി.കെ. ഷിബിൻ, ചെക്യാട് പി.വി. സന്തോഷ് എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിലും സ്മരണാഞ്ജലി അർപ്പിച്ചു.
വളയത്തെ രക്തസാക്ഷികളായ ആലക്കൽ കുഞ്ഞിക്കണ്ണൻ, എം. സുകുമാർ എന്നിവരുടെയും വാണിമേലിലെ രക്തസാക്ഷികളായ കെ.പി. കുഞ്ഞിരാമൻ, നീളംപറമ്പത്ത് കോരൻ, കാപ്പുമ്മൻ ദിവാകരൻ എന്നിവരുടെയും ഓർമ്മകൾക്ക് മുന്നിലും സ്ഥാനാർഥി വണങ്ങി.
നരിപ്പറ്റ, കൈവേലി, കായക്കൊടി, തൊട്ടിൽപ്പാലം, കാവിലുംപാറ എന്നിവിടങ്ങളിലെ ആദ്യകാല എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾ സന്ദർശിച്ച വസന്തത്തിന്റെ പര്യടനം മരുതോങ്കരയിലാണ് സമാപിച്ചത്.
ഇ.കെ. വിജയൻ എംഎൽഎ, പി.പി. ചാത്തു, എ. മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, വത്സരാജ് മണലാട്ട്, സി.എച്ച്. മോഹനൻ, ശ്രീജിത്ത് മുടപ്പിലായി, കെ.കെ. മോഹൻദാസ്, ഷീമ വള്ളിൽ തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ ഉടനീളം പങ്കെടുത്തു.
Adv. P. Vasantha's visit in memory of the martyrs





































