നാദാപുരം: (koyilandy.truevisionnews.com) മാപ്പിളപ്പാട്ട് രംഗത്തെ ഇതിഹാസം മൂസ എരഞ്ഞോളിയെ സ്മരിച്ച് കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വാണിമേൽ പാർക്കിൽ വെച്ച് നടന്ന പരിപാടി ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഗായകന്റെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം സാംസ്കാരിക മേഖലയിലെ മികവിനുള്ള അംഗീകാരങ്ങൾ കൈമാറുന്ന വേദി കൂടിയായി ഈ സംഗമം മാറി.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങിയ മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ അഷ്റഫിനെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു.

ദുബായിലെ വ്യാപാരിയും ഗാനരചയിതാവുമായ മൂസ കൊയമ്പ്രമാണ് അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചത്. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.കെ അഷ്റഫ് സ്വാഗത പ്രസംഗം നടത്തി.
സി.വി അഷ്റഫ് മാസ്റ്റർ, തായമ്പത്ത് കുഞ്ഞാലി, സി.സി ജാതിയേരി, നസീർ എരഞ്ഞോളി, യു.കെ അഷ്റഫ് തുടങ്ങി സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും മൂസ എരഞ്ഞോളിയുടെ കലാലോകത്തെ സംഭാവനകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
എം.പി സലീം മാസ്റ്റർ, സി.കെ ജമീല, അറൂഫ് ചാലപ്പുറം എന്നിവരടക്കം വലിയൊരു നിര പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.
Nadapuram commemorates Musa Eranjoli











































