May 12, 2026 10:44 AM

നാദാപുരം: (nadapuram.truevisionnews.com)  മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുത പോസ്റ്റുകൾ തകർന്നും ജനജീവിതം ദുസ്സഹമായി.

കല്ലാച്ചി എംഇടി കോളേജിന് സമീപത്തെ വലിയ പറമ്പത്ത് ബാബുവിന്റെ വീടിന് മുകളിലും നാദാപുരത്ത് പാറോള്ളത്തിൽ ജാനുവിന്റെ വീടിന് മുകളിലും തെങ്ങ് വീണ് മേൽക്കൂരകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

കുമ്മങ്കോട് താഴെ കുട്ടകണ്ടി കുമാരന്റെ വീടിന്റെ മേൽക്കൂര തെങ്ങ് വീണ് പൂർണ്ണമായും തകർന്ന് ഓടുകളും മരങ്ങളും നിലംപതിച്ചിട്ടുണ്ട്. പ്രദേശത്തെ ഗതാഗത സംവിധാനങ്ങളെയും വൈദ്യുതി ബന്ധത്തെയും മഴ ഗുരുതരമായി ബാധിച്ചു.

കല്ലാച്ചി ആവോലം റോഡിൽ പുതുശേരി പള്ളിക്ക് സമീപം വൈദ്യുതി മെയിൻ ലൈൻ പൊട്ടി വീണത് ഗതാഗത തടസ്സത്തിന് കാരണമായി. കല്ലാച്ചി ട്രഷറി റോഡ്, ചേലക്കാട് മാണിക്കോത്ത് റോഡ്, പുളിക്കൂൽ എന്നിവിടങ്ങളിലും മരങ്ങൾ വീണ് ഇലക്ട്രിക് ലൈനുകൾ തകർന്നു.

അഗ്നിരക്ഷാസേനയും ജനകീയ ദുരന്ത നിവാരണ സേനയും ചേർന്നാണ് പലയിടങ്ങളിലും മരങ്ങൾ മുറിച്ചുമാറ്റി തടസ്സങ്ങൾ നീക്കിയത്. നഗരമേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായത് വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ വലച്ചു.

അഴുക്കുചാലുകൾ യഥാസമയം ശുചീകരിക്കാത്തതിനെത്തുടർന്ന് കല്ലാച്ചി മത്സ്യ മാർക്കറ്റിന് മുന്നിലെയും നാദാപുരം തലശേരി റോഡിലെയും കടകളിൽ വെള്ളം കയറി. കല്ലാച്ചി വാണിയൂർ റോഡ് തോട് കണക്കെ കുത്തിയൊഴുകിയതോടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി.

സംസ്ഥാന പാതയിലുണ്ടായ കനത്ത വെള്ളക്കെട്ടിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ സഞ്ചരിച്ചത്.

Trees uprooted, houses destroyed in Nadapuram

Next TV

Top Stories










News Roundup