നാദാപുരം: (nadapuram.truevisionnews.com) വീട്ടുമുറ്റത്ത് വെച്ച് അതിശക്തമായ വൈദ്യുതാഘാതമേറ്റ് മരണത്തോട് ഗുസ്തിപിടിച്ച വീട്ടമ്മയ്ക്ക് അയൽവാസിയായ പൊലീസുകാരന്റെ സമയോചിതമായ ഇടപെടൽ ജീവൻ രക്ഷിച്ചു.
വിലങ്ങാട് സ്വദേശിനി പുൽപ്പറമ്പിൽ എൽസി (62) ആണ് നാദാപുരം കൺട്രോൾ റൂമിലെ സി.പി.ഒ ആയ തണ്ണിപ്പാറ ബിനോജിന്റെയും സുഹൃത്തുക്കളുടെയും സാഹസിക ശ്രമത്തിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടുജോലികൾക്കിടെ എൽസിയുടെ നിലവിളി കേട്ടാണ് ബിനോജ് ഓടിയെത്തുന്നത്. കയ്യിൽ കറന്റ് കമ്പി ചുറ്റിപ്പിണഞ്ഞ് നിലത്തു വീണു പിടയുന്ന എൽസിയെ ആണ് ബിനോജും ഒപ്പം ഓടിയെത്തിയ അയൽവാസികളായ സ്ത്രീകളും കണ്ടത്.
ഉണങ്ങിയ മരക്കമ്പ് ഉപയോഗിച്ച് കമ്പി മാറ്റാൻ ആദ്യം ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഒട്ടും സമയം കളയാതെ ബിനോജും സുഹൃത്ത് ബിജു കുറ്റിക്കാട്ടിലും ചേർന്ന് കയ്യിലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് വലിച്ച് എൽസിയെ വൈദ്യുത ലൈനിൽ നിന്ന് വേർപെടുത്തുകയായിരുന്നു.

അപ്പോഴേക്കും വായിൽ നിന്ന് നുരയും പതയും വന്ന് അവശനിലയിലായ എൽസിയുടെ കാലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളുടെ സഹായത്തോടെ ബിജുവിന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷയായി സി.പി.ആർ നൽകി.
തുടർന്ന് ഇവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ എർത്ത് പൈപ്പിന്റെ ജോലികൾ നടക്കുന്നതിനിടെ, മുറ്റമടിക്കുന്നതിനിടയിൽ അബദ്ധത്തിൽ എർത്ത് കമ്പിയിൽ തട്ടിയാണ് എൽസിക്ക് ഷോക്കേറ്റത്.
കൃത്യസമയത്ത് ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാരന്റെയും നാട്ടുകാരുടെയും ഇടപെടലിനെ അഭിനന്ദിക്കുകയാണ് നാടാകെ.
Housewife electrocuted in Nadapuram


































