നാദാപുരം: (nadapuram.truevisionnews.com) വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ ആവേശത്തിൽ നാദാപുരവും പരിസര പ്രദേശങ്ങളും ആഹ്ലാദക്കടലിലായി.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. നാദാപുരം, വാണിമേൽ, വളയം, ചെക്യാട്, തൂണേരി, നരിപ്പറ്റ, കുന്നുമ്മൽ, പുറമേരി തുടങ്ങിയ പഞ്ചായത്തുകളിൽ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും മധുരം പങ്കുവെച്ചും പ്രവർത്തകർ വിജയം ആഘോഷമാക്കി.
ചെക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് അഹമ്മദ് പുന്നക്കലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കാളികളായി. ആയഞ്ചേരി തണ്ണീർപന്തലിലും പുതിയ മന്ത്രിസഭയെ വരവേറ്റ് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനവും പായസവിതരണവും ജനശ്രദ്ധ ആകർഷിച്ചു.
പ്രദേശത്തെ പ്രമുഖ നേതാക്കളായ കാട്ടിൽ മൊയ്തു മാസ്റ്റർ, പി.കെ. കുഞ്ഞബ്ദുള്ള, അശോകൻ ടി.കെ., ഷരീഫ് മുടിയല്ലൂർ, വിജയൻ പി.കെ., അന്തുകൂരി പറമ്പത്ത്, മിനീഷ് പി.കെ., ഫുആദ് പുത്തലത്ത്, ഇസ്മായിൽ മാസ്റ്റർ, സലാം എൻ.കെ. തുടങ്ങിയവർ തണ്ണീർപന്തലിൽ നടന്ന അഭിവാദ്യ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
Celebrations in various panchayats in Nadapuram










































