#latest news #DYFI leader #Shafi Parambil
വടകര : (vatakara.truevisionnews.com) വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. വടകരയുടെ രാഷ്ട്രീയ പ്രബുദ്ധതയെയും കേസിൽ പരാതി നൽകിയ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നതായി ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തലയിൽ ഉദിച്ച ബുദ്ധിയല്ല ഇത്. ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. ജിതിൻ ഭാസ്കറിന് ഡിവൈഎഫ്ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്ക്രീൻഷോട്ട് നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉപദേശിച്ചത് അവരായതുകൊണ്ടാണ്.
തിരഞ്ഞെടുപ്പ് കാലത്ത് അവർ ഉണ്ടാക്കിയ വ്യാജ നിർമ്മിതി മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. വടകരയുടെ മണ്ണിൽ വർഗീയ വിഷം കലർത്താനും നാടിന്റെ ഐക്യം തകർക്കാനുമുള്ള ഗൂഢശ്രമമാണ് നടന്നത്. എന്നാൽ ഇത്തരക്കാർക്ക് ഇപ്പോൾ നിയമപരമായ തിരിച്ചടി ലഭിച്ചു.
സി.പി.എം ഒരു 'കമ്യൂണൽ പോയിസൺ' (വർഗീയ വിഷം) ആകാൻ പാടില്ലായിരുന്നു. മുൻപ് ഫസലിനെ കൊലപ്പെടുത്തിയ ശേഷം തൂവാല എന്തിനാണ് ക്ഷേത്രത്തിൽ കൊണ്ടിട്ടതെന്നും, ഇപ്പോൾ 'മാഷാ അള്ളാ' പോസ്റ്റർ എന്തിനാണ് ഉപയോഗിച്ചതെന്നും ഷാഫി ചോദിച്ചു.

"കാഫിർ സ്ക്രീൻഷോട്ട് എന്നത് ഒരു വർഗീയ വിഷബോംബായിരുന്നു. വടകരയിലെ ജനങ്ങൾ അത് ഡിഫ്യൂസ് ചെയ്തു." - ഷാഫി പറമ്പിൽ എം.പി അറസ്റ്റിന് പിന്നിൽ ഷാഫി പറമ്പിലാണെന്ന് പറഞ്ഞ് ഡിവൈഎഫ്ഐ സ്വയം അപഹാസ്യരാകരുതെന്നും, തന്റെ നിർദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ആദ്യം ആർ.ജെ.ഡി നേതാവ് റിബേഷിലേക്ക് മാത്രം അന്വേഷണം ഒതുക്കി അവസാനിപ്പിക്കാനായിരുന്നു ശ്രമമെന്നും ഷാഫി ആരോപിച്ചു.
Content Highlight: Shafi Parambil in the arrest of DYFI leader













































