#Latest News #Nadapuram #Operation Thoofan
നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി, ലഹരിമുക്ത കേരളം എന്ന സന്ദേശമുയർത്തി നാദാപുരത്തെ ഒരുപറ്റം യുവാക്കൾ നടത്തുന്ന സ്നേഹയാത്രയ്ക്ക് തുടക്കമായി.
നാദാപുരത്ത് നിന്നുള്ള 20 ചെറുപ്പക്കാരാണ് 'ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം' എന്ന മുദ്രാവാക്യവുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങളിലേക്ക് ഈ സന്ദേശമെത്തിക്കാൻ യാത്ര തിരിഞ്ഞിരിക്കുന്നത്.
ലഹരിവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങളിലാണ് ഒരാഴ്ച നീളുന്ന ഈ യാത്ര. ലഘുലേഖ വിതരണം ചെയ്തും ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചും തലസ്ഥാന നഗരി വരെയാണ് ഇവരുടെ പ്രയാണം.
ഇന്ന് രാവിലെ നാദാപുരം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബംഗളത്ത് മുഹമ്മദ് എന്നിവർ ചേർന്ന് യാത്രയുടെ ക്യാപ്റ്റൻ തേർകണ്ടി നൗഷാദിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. അബ്ദുല്ല, റൈഹാനത്ത്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി, ലഹരി നിർമാർജന സമിതി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. അഷ്റഫ്, മുൻ പഞ്ചായത്ത് മെമ്പർ സുബൈർ പാറേമ്മൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Content Highlight: Love trip to Nadapuram, Operation Toofan project






































