#Latest News #Nadapuram #Dangerous Pothole #Narikkatteri Canal Road
നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരി കനാൽ റോഡിൽ കാരയിൽ പാലത്തിന് സമീപം രൂപപ്പെട്ട വൻ ഗർത്തം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ നരിക്കാട്ടേരി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ ഈ അവസ്ഥ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഗർത്തത്തിന് വലിയ ആഴമുണ്ടെന്നും, നാട്ടുകാർ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച താൽക്കാലിക മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് നിലവിൽ ഇവിടെയുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. അപകടസാധ്യത മുന്നിൽക്കണ്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജനപ്രതിനിധികൾ സ്ഥലത്തെത്തി ചിത്രങ്ങൾ പകർത്തി മടങ്ങുന്നതല്ലാതെ റോഡ് നന്നാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
കനാൽ റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബ്രാഞ്ച് പ്രസിഡന്റ് ഇഖ്ബൽ കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ സംസാരിച്ചു.
Content Highlight: A dangerous pothole on the Narikkatteri Canal Road.
#Latest News #Nadapuram #Dangerous Pothole #Narikkatteri Canal Road






































