നാദാപുരം: (nadapuramnews.com) ആരോഗ്യ വകുപ്പിന് കീഴിൽ നാദാപുരത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാജോർജ് എത്തുന്നത് ഇത് രണ്ടാം തവണ . ഏതാനും മാസങ്ങൾക്ക് മുൻപ് അന്നൊരു മിന്നൽ സന്ദർശനമായിരുന്നു . വളയത്തെ ഗവൺമെന്റ് ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കാൻ എത്തുന്നതിന് ഇടയിലാണ് വീണാജോർജ് നാദാപുരം ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത് .
ആശുപത്രി സൂപ്രണ്ട് പോലും അവിടെ ഉണ്ടായിരുന്നില്ല . രോഗികളുടെയും ആശുപത്രിയുടെയും ദുരിത കാഴ്ച അന്ന് മന്ത്രി നേരിൽ കണ്ട് അനുഭവിച്ചു . രോഗികളും കൂട്ടിരിപ്പുകാരും ദുരിതങ്ങളുടെ കെട്ടഴിച്ചു . തിരുവനന്തപുരത്ത് എത്തിയാൽ ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്ന് പറഞ്ഞാണ് അന്ന് മന്ത്രി മടങ്ങിയത് . ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും നാദാപുരത്ത് എത്തിയത്.
മന്ത്രിക്ക് ഇരിപ്പിടവും കാര്യങ്ങൾ ചർച്ചചെയ്യാനുള്ള ഇടവും ആശുപത്രിയിൽ ഒരുക്കിയിരുന്നെങ്കിലും ഇതൊന്നും ഉപയോഗിക്കാതെ മന്ത്രി നേരിട്ട് വാർഡുകളിലേക്ക് പോയി . രോഗികളെ കാണുകയായിരുന്നു . ആദ്യം സ്ത്രീകളുടെ വാർഡ് സന്ദർശിച്ചു . രോഗികളോടും കൂട്ടിരിപ്പുകാരോടും മന്ത്രി കുശലാന്വേഷണം നടത്തി . പ്രായമുള്ള രോഗികളെ തൊട്ടറിഞ്ഞും അമ്മമാരെ ചേർത്ത് പിടിച്ചും മന്ത്രി നിമിഷനേരങ്ങൾക്കകം അവരിൽ ഒരാളായി മാറി .
ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇടപെടൽ നടത്തിയതായും ജീവനക്കാരുടെ അഴിച്ചുപണി നടത്തിയതായും മന്ത്രി ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും എം എൽ എമാരെയും അറിയിച്ചു . ലാബ് സൗകര്യം 24 മണിക്കൂറും ആക്കണം , മെഡിക്കൽ ഷോപ്പ് മുഴുവൻ സമയവും പ്രവർത്തിക്കണം , ഓർത്തോ ഡോക്ടറെ അനുവദിക്കണം, ആശുപത്രിക്ക് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം അങ്ങനെ ആവശ്യങ്ങൾ ഏറെയായിരുന്നു .

കുട്ടികളുടെ വാർഡ് കൂടി മന്ത്രി സന്ദർശിച്ച ശേഷം മന്ത്രി നേരെ പോയത് ഗർഭിണികളെ ചികിത്സിക്കുന്ന വാർഡിലേക്കാണ് . മുറിയിലെ കൊടും ചൂട് സഹിക്കാനാവാതെ എം എൽ എ പുറത്തേക്കിറങ്ങി . മന്ത്രിയും നന്നായി വിയർക്കുന്നുണ്ടായിരുന്നു . ഗൈനക്കോളജിവാർഡിൽ കിടന്ന നവജാത ശിശുവിനെ മന്ത്രി ഏറെനേരം താലോലിച്ചു . "ഞാൻ എന്റെ മക്കളെ 30 വർഷം മുൻപ് പ്രസവിച്ച ആശുപത്രിയാണ് ഇത് . ഇവിടെ ഗർഭിണികൾക്ക് മതിയായ ചികിത്സയോ കിടത്തി ചികിത്സയോ ഇല്ലാതായിട്ട് പതിറ്റാണ്ടുകളായി ".
ഒരു വീട്ടമ്മ ഇങ്ങനെ പറഞ്ഞപ്പോൾ ഏറെ സ്ത്രീകൾ ഇത് ഏറ്റുപറഞ്ഞു . അതെ അതുതന്നെയാണ് എന്റെയും സ്വപ്നം ഇവിടെയൊരു കുഞ്ഞു പിറന്ന് കാണണം മന്ത്രി പറഞ്ഞു . എന്തുകൊണ്ട് പ്രസവചികിത്സ നടക്കുന്നില്ല ? ഗൈനക്കോളജിസ്റ്റിനോട് മന്ത്രി അന്വേഷിച്ചു . ഒരു അനസ്തേഷ്യ ഡോക്ടർ മാത്രമേയുളളു . 24 മണിക്കൂറും അനസ്തേഷ്യ സേവനം ഉണ്ടെങ്കിൽ മാത്രമേ പ്രസവ സൗകര്യം ഒരുക്കാനാവുള്ളൂ . ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഡോക്ടർമാർ മനസ്സുവെച്ചാൽ പലതും നടക്കുമെന്ന് മന്ത്രി ഉദ്യോഗസ്ഥരോടായി പറഞ്ഞു .
ആശുപത്രി പൂർണ്ണതോതിൽ രോഗികൾക്ക് ഉപയോഗപ്പെടുത്താൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി മന്ത്രി വാർഡിൽ നിന്ന് ഇറങ്ങി . നാദാപുരം പഞ്ചായത്തിൽ ഒരു കുടുംബാരോഗ്യം വേണമെന്ന നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലിയും വളയം കുടുംബാരോഗ്യം കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന നിവേദനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷും മന്ത്രിക്ക് കൈമാറി .
ഇ കെ വിജയൻ എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയും മന്ത്രിയോട് ആശുപത്രിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് അഭ്യർത്ഥിച്ചു . അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ സംഭവിക്കാറുണ്ടെന്നും പാവപ്പെട്ട രോഗികളെ കിടത്തി ചികിത്സിക്കാൻ പലപ്പോഴും തയ്യാറാകുന്നില്ല എന്നും കിടത്തി ചികിത്സ രേഖകൾ കാണിച്ച് സി പി എം ഏരിയ സെക്രട്ടറി പി പി ചാത്തുവും മന്ത്രിയെ ബോധ്യപ്പെടുത്തി . ബ്ലോക്ക് പഞ്ചായത്ത് വൈസ് വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കപ്പള്ളി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയുടെ സന്ദർശന വേളയിൽ ഉണ്ടായിരുന്നു. '
ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ സന്ദർശിച്ചത്. രാവിലെ എട്ട് മണിക്ക് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ഒമ്പത് മണിക്ക് കൽപ്പറ്റ ജനറൽ ആശുപത്രി, 10 മണിക്ക് വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി എന്നിവ സന്ദർശിച്ചു. 11 മണിക്ക് വയനാട് ജില്ലയുടെ അവലോകന യോഗംവും ചേർന്നു.
ഉച്ചയ്ക്കാണ് കോഴിക്കോട് ജില്ലയിലെ സന്ദർശനം ആരംഭിച്ചത്. രണ്ട് മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രി, 2.45ന് ബാലുശ്ശേരി താലൂക്ക് ആശുപത്രി, നാല് മണിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രി, അഞ്ച് മണിക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയും മന്ത്രി സന്ദർശിച്ചു. ആറ് മണിക്കാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തി ചേർന്നത്. കോഴിക്കോട് ജില്ലയിലെ മറ്റാശുപത്രികൾ അടുത്ത ഘട്ടത്തിൽ സന്ദർശിക്കും. എം.എൽ.എ.മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ , ഇടുക്കി ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി സന്ദർശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്.
ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
#lightning #today #baby #shouldbe #born #here #healthminister #came #Nadapuram #dream #country












































