നാദാപുരം: (nadapuram.truevisionnews.com)ധനം സമ്പാദിക്കാൻ ലക്ഷ്മി ദേവിയെ പൂജിക്കുന്നവർ ഈ കഥയൊന്ന് കേൾക്കണം. പാവങ്ങൾക്ക് പണം നൽകാൻ കൈയ്യറക്കുന്നവർ കാണണം; കണ്ണീരൊപ്പാൻ കരളുറപ്പോടെ നൽകിയ ഈ പതിനായിരം രൂപയുടെ നോട്ട് കെട്ടിൽ ലക്ഷ്മിയുണ്ട്.
ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാർ സഹായം ചോദിക്കുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ ജീവനക്കാരും സഹായ ഹസ്തം നീട്ടാൻ മടിയുള്ളവരും ഈ തൊഴിലുറപ്പ് തൊഴിലാളിയുടെ ചങ്കുറപ്പൊന്ന് അറിയണം.
കുടുംബം പോറ്റാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണിൽ പണിയെടുക്കുന്ന വളയം പഞ്ചായത്തിൻ്റെ മലയോര ഗ്രാമമായ കല്ലുനിരയ്ക്കടുത്തെ എളമ്പയിൽ ലക്ഷ്മിയുടെ കരളുറപ്പള്ള തീരുമാനം.
ഒന്നര മാസത്തോളം തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് കിട്ടിയ പതിനായിരം രൂപ മുഴുവനും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ലക്ഷ്മിയമ്മ.

ഇന്ന് രാവിലെ ചെക്യാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ തുകയുടെ ചെക്ക് ഇ.കെ വിജയൻ എം എൽ എ ഏറ്റുവാങ്ങി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, ചെക്യാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ.പി മോഹൻദാസ് എന്നിവർ സന്നിഹിതരായി.
വളയം ചെക്യാട് ഗ്രാമപഞ്ചായത്തുകളുടെ മലയോരമായ ആയോട് മലയിൽ കഴിഞ്ഞ മാസം ഉരുൾപൊട്ടിയപ്പോൾ സുരക്ഷ കണക്കിലെടുത്ത് ലക്ഷ്മി ഉൾപ്പെടെയുള്ള ഇരുനൂറോളം പേരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോൾ സാധാരണക്കാരോടുള്ള സർക്കാറിൻ്റെ ഈ കരുതലും നാടിൻ്റെ സ്നേഹവും നേരിട്ട് അനുഭവിക്കാനായി, അപ്പൊഴാണ് ഇങ്ങനെ ഒരു തീരുമാനം എടുത്ത തെന്ന് ലക്ഷ്മിയമ്മ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
#Hands #on #must #see #Lakshmi #bundle #thousand #rupees #note #given #earnest











































