ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ജനുവരി 11, 12, 13 തീയതികളിൽ നടക്കും.
ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരിക്കും ഉത്സവ ചടങ്ങുകൾ നടക്കുക.
ഇന്ന് രാവിലെ മുതൽ ചതുർശുദ്ധി, ബിംബശുദ്ധികർമങ്ങൾ, ഉപദേവകലശങ്ങളും പൂജയും നടക്കും. മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപവും ഇന്ന് നടക്കും.
12-ന് ഞായറാഴ്ച കാലത്ത് അഞ്ചുമുതൽ ദ്രവ്യകലശപൂജ, ഉഷഃപൂജ, പരികലശാഭിഷേകം, ഉച്ചപൂജ, വാദ്യമേളത്തോടെ ശ്രീഭൂതബലി. വൈകീട്ട് അഞ്ചിന് ഇളനീർവരവ് (അടിയറ), 5.30- ന് കേളികൊട്ട്, 6.15-ന് ദീപാരാധന, 6.50-ന് കടത്തനാട് പഞ്ചവാദ്യസംഘത്തിലെ ഹരീഷ് തൊട്ടിൽപ്പാലവും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 7.30-ന് അത്താഴപൂജയും നടക്കും.
തുടർന്ന്, ക്ഷേത്രത്തിനുപുറത്തെ സ്റ്റേജിൽ പ്രാദേശികകലാകാരന്മാർ ഒരുക്കുന്ന നൃത്തനൃത്യങ്ങൾ, സുനിൽ കോട്ടേമ്പ്രം അവതരിപ്പിക്കുന്ന വൺമാൻഷോ, സുനിൽ ഈയ്യങ്കോട്, സംജിത്ത് തൂണേരി എന്നിവർ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ് എന്നിവയും നടക്കും.
13-ന് തിങ്കളാഴ്‌ച പുലർച്ചെ നാലുമുതൽ പള്ളിയുണർത്തൽ, അഞ്ചുമുതൽ അഭിഷേകം, നെയ്യഭിഷേകം, വാകച്ചാർത്ത്, ഗണപതിഹോമം (കുറുങ്കുഴൽ സേവ, മദ്ദളം, കേളികൊട്ട് എന്നിവയോടെ) 7-ന് ഉഷഃപൂജ (ഇടയ്ക്ക കൊട്ടിപ്പാടി സേവ), 8-ന് ശ്രീഭൂതബലി (പാണികൊട്ട്, മുത്തുക്കുടയോടെയും ചെണ്ടമേളത്തോടെയും ഭഗവാൻ്റെ തിടമ്പെഴുന്നള്ളിപ്പ്), വിഷ്ണുക്ഷേത്രത്തിൽ നവകം, ഉച്ചപൂജ, ശ്രീഭൂതബലി, 11.30-ന് ഇളനീരാട്ടം, 12-ന് ഉച്ചപൂജ, ഒന്നിന് പ്രസാദ ഊട്ട്, വൈകീട്ട് നാലിന് പഞ്ചവാദ്യത്തിൻ്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കാഴ്‌ചശീവേലി എഴുന്നള്ളിപ്പ്, 5-ന് ഇലഞ്ഞിത്തറമേളം അഷ്ടപദിയോടെ 6.15-ന് ദീപാരാധന, 6.30-ന് കടമേരി ഉണ്ണികൃഷ്‌ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട്, തായമ്പക, 7.30-ന് അത്താഴപൂജ, 8-ന് തിടമ്പെഴുന്നള്ളത്ത്, വിളക്കാചാരം എന്നിവയും നടക്കും.
രാത്രി 8.30-ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം വി.കെ. സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് ഉദ്ഘാടനം ചെയ്യും.
രാത്രി 9.30-ന് കലാഭവൻ മണി ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ അനുശ്രീ പുന്നാടും കലാകാരന്മാരും അണിനിരക്കുന്ന പുന്നാട് പൊലികയുടെ നാടൻപ്പാട്ടരങ്ങ് എന്നിവയും അരങ്ങേറുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
#Festival #days #Thiruvathira Utsav #Iringanur #Maha #Shiva #Temple #today