നാദാപുരം: (nadapuram.truevisionnews.com) കേരളത്തിലെ ഗൾഫ് പ്രവാസികളിൽ ഏറിയ പങ്കും അധിവസിക്കുന്ന നാദാപുരം നിയോജക മണ്ഡലത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് കിട്ടാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ രാജ്യ സഭാംഗം ഹാരിസ് ബീരാൻ എം പി ക്ക് നിവേദനം നൽകി.
പ്രവാസികളുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സേവന കേന്ദ്രങ്ങളോ, അനുബന്ധ അംഗീകൃത ഏജൻസികളോ ഒന്നും തന്നെ നാദാപുരം മണ്ഡലത്തിൽ നിലവിലില്ല.
പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ പാസ്സ്‌പ്പോർട്ട് സേവാ കേന്ദ്രം പോലും സ്ഥിതി ചെയ്യുന്നത് വടകര കേന്ദ്രീകരിച്ചാണ്.
രണ്ട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വടകര ലോക്സഭ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും,വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലത്തിലെ തൊണ്ടർനാട്, ഇടവക, വെള്ളമുണ്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും വടകരയിലുള്ള പാസ്സ്‌പ്പോർട്ട് സേവാ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
പാസ്സ്‌പ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായും,പുതിയ അപേക്ഷകരായും എത്തുന്നവരുടെ ബാഹുല്യം കാരണം ബന്ധപ്പെട്ട സേവനങ്ങൾക്ക് നിലവിൽ കാലതാമസം നേരിടുന്ന സാഹചര്യമാണ്.
ഇതിനൊരു പരിഹാരം എന്ന നിലയിൽ മണ്ഡലത്തിലെ പ്രവാസി ജനതയുടെ ഏറെക്കാലത്തെ സ്വപ്നവും ആവശ്യവുമാണ് നാദാപുരം കേന്ദ്രീകരിച്ച് പാസ്സ്‌പ്പോർട്ട് സേവ കേന്ദ്രം സ്ഥാപിക്കണമെന്നത്.
തൊട്ടടുത്ത കുറ്റ്യാടി, കൂത്ത് പറമ്പ്, മാനന്തവാടി തുടങ്ങിയ നിയോജക മണ്ഡലങ്ങൾക്കും ഉപകാര പ്രദമാകും വിധം പാസ്പോർട്ട് സേവാ കേന്ദ്രം നാദാപുരത്ത് സ്ഥാപിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട ഭരണ കേന്ദ്രങ്ങളിൽ ഇടപെടൽ ഉണ്ടാകണമെന്നും, ഈ വിഷയത്തിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
സി കെ സുബൈർ, സൂപ്പി നരിക്കാട്ടേരി,അഹമ്മദ് പുന്നക്കൽ, എം പി ജാഫർ, ടി കെ ഖാലിദ്, വി വി മുഹമ്മദലി, എ എഫ് റിയാസ്, എം കെ അഷ്‌റഫ്, കെ എം സമീർ, ഇ വി അറഫാത്ത്, ഒ മുനീർ, മുഹമ്മദ് പേരോട് എന്നിവർ പങ്കെടുത്തു.
#Passport #Seva #Kendra #should #started #Nadapuram #Youth #League #submitted #petition #HarrisbeeranMP