നാദാപുരം: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്തിൻ്റെ മൗനാനുവാദത്തോടെ സ്വകാര്യ വ്യക്തികൾ പുഴ നികത്തി എന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വ്യക്തമാക്കി.
വിഷ്‌ണുമംഗലം പുഴ, വാണിമേൽ പുഴ എന്നൊക്കെ അറിയപ്പെടുന്ന മാഹി പുഴയുടെ പുഴയോരം സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് കോണ്‌ഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നു കൂടുതൽ നശിച്ചുകൊണ്ടിരിക്കുന്ന പുഴ വീണ്ടും നാശത്തിലേക്കാണ് പോകുന്നത്.
അശാസ്ത്രീയമായി നിർമിച്ച വിഷ്ണുമംഗലം ബണ്ട് പൊളിച്ചു മാറ്റണമെന്ന് ചെക്യാട് നാദാപുരം പഞ്ചായത്തുകളിലെ ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ഓരോ മഴക്കാലത്തും പരിസരവാസികൾ വീടോഴിഞ്ഞു പോകേണ്ട സ്ഥിതിയാണ്.
കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശമാണ് ചിയ്യൂർ. എഴുപതോളം വീടുകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഈ വിഷയം പരിഹരിക്കാൻ പി എം കെ എസ് വൈ പദ്ധതി പ്രകാരം പഞ്ചായത്തിന് ലഭിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നൊച്ചിക്കണ്ടി തോട് ആഴവും വീതിയും കൂട്ടി നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.
പുഴയുടെ ഭാഗം നികത്തി എന്നാണ് ചിലർ വ്യാജ പ്രചാരണം നടത്തുന്നത്. എന്നാൽ പുഴയോരത്ത് കളിസ്ഥലം നിർമ്മിക്കുമ്പോൾ പുഴയുടെ ആഴത്തിലോ വീതിയിലോ മാറ്റംവന്നിട്ടുണ്ടോ എന്ന് ആർക്കും പരിശോധിക്കാവുന്നതാണ്.
കളിസ്ഥലത്തിന് ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിച്ച് സംയുക്ത പ്രോജക്‌ട് ആയി ചെയ്യാമെന്ന് പറയുകയും 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും ഇതിനായി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
പുഴയും കളിക്കളവും സംരക്ഷിക്കുന്ന തരത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ ചില തൽപരകക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജമായ പ്രചാരണം ജനങ്ങൾ തള്ളിക്കളയണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.
സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ എം സി സുബൈർ എന്നിവരും പങ്കെടുത്തു.
#Grams #panchayath #president #allegation #filling #river #baseless