Feb 5, 2025 11:17 AM

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കണ്ണൂർ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാം വാരം തുറക്കാൻ ധാരണയായി .

ഡി.കെ.എച്ച് കൺസ്ട്രക്ഷൻ കമ്പനി 25 ലക്ഷം രൂപക്കാണ് പാലത്തിൻ്റെ നവീകരണ പ്രവൃത്തി ഏറ്റെടുത്തത്.അറ്റകുറ്റ പണിക്കായി ഈ പാലം അടച്ചതിനെ തുടർന്ന് ഇതു വഴി ആശുപത്രികളിലേക്കും വിദ്യാലയങ്ങളിലേക്കും എയർ പോർട്ടിലേക്കും, തലശ്ശേരി, നാദാപുരം ഭാഗങ്ങളിലേക്കും പോകുന്ന യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

കിലോമീറ്ററുകൾ ചുറ്റി കടവത്തൂർ, മുണ്ടത്തോട് പാറക്കടവ് വഴിയും കാഞ്ഞിരക്കടവ് വഴിയുമാണ് ഇപ്പോൾ അത്യാവശ്യ യാത്രക്കാർ സഞ്ചരിക്കുന്നത്. ജനുവരി 20 മുതൽ ഒരു മാസത്തേക്കായിരുന്നു പാലം അടച്ചത്.

കാൽനടയാത്രക്കാർക്ക് മാത്രമായിരുന്നു ഇതുവരെ പാലത്തിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്നത് ഇന്ന് മുതൽ ഇരുചക്ര വാഹനങ്ങളെ ഇതുവഴി കടത്തി വിട്ടു തുടങ്ങി.

പൊതു മരാമത്ത് നോഡൽ ഓഫീസറുടെ സാന്നിധ്യത്തിൽ കൂത്തുപറമ്പ് എം.എൽ.എ കെ.പി മോഹനൻ വിളിച്ചു ചേർത്ത പ്രതിമാസ അവലോകന യോഗത്തിൽ പാലം പണി കഴിയുന്നതും വേഗം പൂർത്തീകരിക്കാൻ എം.എൽ.എ നിർദേശിച്ചിരുന്നു.

കൂടുതൽ പണിക്കാരെ വച്ച് പണി വേഗം തീർക്കണമെന്നും ആവശ്യപ്പെട്ടു.കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചു വരികയാണന്നും ഇനി മെക്കാർഡം ടാറിങ്ങ് കൂടി തീർക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

യുദ്ധ കാലടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന എം.എൽ.എ യുടെ നിർദേശത്തെ തുടർന്ന് ഈ മാസം രണ്ടാം വാരത്തിൽ പാലം പണി പൂർത്തികരിച്ച് തുറന്നു കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.


#Peringathur #Bridge #opened #second #week #this #month #Two #wheelers #began #pass

Next TV

Top Stories