നാദാപുരം : ( nadapuramnews.in ) വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വം പുറത്താക്ക നടപടിക്ക് ശുപാർശ ചെയ്ത നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർക്കെതിരെ കടുത്ത നടപടിയില്ല. എന്നാൽ ജാഗ്രത കുറവ് ചൂണ്ടികാട്ടി പഞ്ചായത്ത് കമ്മറ്റിയെ താക്കീത് ചെയ്യാൻ ഇന്നലെ ചേർന്ന നാദാപുരം മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.
പാർട്ടി നടത്തിയ അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയതിന് മൂസ മാസ്റ്ററെ ഒരു മാസത്തേക്ക് നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും തീരുമാനമായി. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് ഭരണം ഉറപ്പിക്കാൻ വാർഡ് വിഭജന രൂപരേഖ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി നിശ്ച്ചയിച്ച മൂന്നംഗ സമിതി രഹസ്യമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.
ഈ വിവരം സിപിഐ എം നേതാവ് ടി പ്രദീപ് കുമാറിന് ചോർത്തി നൽകിയത് മൂന്നംഗ സമിതിയിലെ അംഗമായ എൻ കെ മൂസമാസ്റ്ററാണെന്ന് ആരോപിച്ചാണ് കടുത്ത നടപടിക്ക് ശുപാർശ ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത യോഗം കനത്ത ബഹളത്തിലും കൈയ്യാം കളിയിലും സമാപിച്ചിരുന്നു.
തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂസ മാസ്റ്റർ മാറി നിൽക്കുകയായിരുന്നു. പകരം നരിപ്പറ്റയിലെ - എൻപി ജാഫർ മാസ്റ്റർക്ക് ചുമതല നൽകുകയായിരുന്നു. തുടർന്ന് മണ്ഡലം നേതൃത്വം നടത്തിയ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്താണ് ഇന്നലെ നടപടി സ്വീകരിച്ചത്.
വാർഡ് വിഭജനത്തിൽ ഇരുവിഭാഗത്തിനും ജാഗ്രത കുറവുണ്ടായി എന്നതാണ് പുതിയ കണ്ടെത്തൽ. വാണിമേൽ പഞ്ചായത്ത് വാർഡ് പുന:ർ വിഭജനത്തിൽ സിപിഐ എം നിർദ്ദേശിച്ച പട്ടികയാണ് അംഗീകരിച്ചത്.
ഇന്നലെ ചേർന്ന നേതൃയോഗത്തിൽ ദേശീയ സെക്രട്ടറി സി.കെ സുബൈർ, ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി , വൈ. പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, ജില്ലാ സെക്രട്ടറി കെ.കെ നവാസ്, നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ല ത്ത് , ജനറൽ സെക്രട്ടറി ജാഫർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
#No #strict #action #against #NKMoosa #warning #MuslimLeagueCommittee