നാദാപുരം: (nadapuram.truevisionnews.com) വിമാനയാത്രയ്ക്കിടെ രണ്ട് ജീവനുകൾ രക്ഷിച്ച ഡോക്ടർ ഹഫീഫ സബീലിന് നാളെ കെയർ ആൻഡ് ക്യുയറിൻ്റെ സ്നേഹാദരം നൽകും.

ഉംറ തീർഥാടക സംഘത്തിലെ നാല് ഡോക്‌ടർമാരിൽ ഒരാളാണ് ഹഫീഫ സബീൽ.
ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്‌റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തെ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്‌ടർമാർ രക്ഷപ്പെടുത്തിയത്.
മഞ്ചേരി മെഡിക്കൽ കോളേജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്‌റ്റ് മർജാൻ അബ്ദുൽ നസീർ, മർജാൻ്റെ സഹോദരി തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻ ടി സ്പെഷലിസ്റ്റ‌് ഹഫീഫ അബ്‌ദുൽ നസീർ, ഹഫീഫയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ സബീൽ അബ്ദുല്ല എന്നിവരാണ് രണ്ട് യാത്രക്കാർക്ക് ആകാശത്തു രക്ഷകരായത്.
കെഎൻഎമ്മിന്റെ നേത്യത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു ഡോക്ടർമാരും ആയിഷയും. സൗദി സമയം ഞായറാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്.
കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന്റെ 2 മണിക്കൂർ മുൻപായിരുന്നു സംഭവം. ആദ്യം ആയിഷയാണ് തളർന്നത്. ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ചലനമറ്റ നിലയിലായിരുന്നു.
വിമാന ജീവനക്കാരെത്തി ചികിത്സാ ഉപകരണങ്ങൾ നൽകി. ഡോക്ടർമാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു ജീവൻ തിരിച്ചു കിട്ടിയത്.
മറ്റൊരു ഉംറ സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശിനി പാത്തൈ എന്ന തീർഥാടകയും തളർന്നുവീണു. ഇവർക്കും ചികിത്സ നൽകി രക്ഷപ്പെടുത്തി. വിമാനമിറങ്ങിയ ശേഷം 2 യാത്രക്കാരെയും ആംബുലൻസിൽ ആശു പത്രിയിലെത്തിച്ചു ചികിത്സ നൽകി.
#CareandCure #Dr #HafifaSabeel #saved #two #lives #during #flight