നാദാപുരം: (nadapuram.truevisionnews.com) ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ പാറക്കടവ് എം പി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ തൂണേരി പട്ടാണി കിണറിന് സമീപം പ്രവർത്തനമാരംഭിക്കുന്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നാളെ നാടിന് സമർപ്പിക്കും.

രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ, ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ ആരോഗ്യ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
10 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്‌പീച്ച് തെറാപ്പി, ഒക്കുപ്പേഷനൽ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നീ സേവനങ്ങൾ ഇവിടെനിന്ന് ലഭ്യമാകും. ഇതോടൊപ്പം സ്പെഷ്യൽ എഡ്യൂക്കേഷനും നൽകും.
ആദ്യ ഘട്ടത്തിൽ തൂണേരി ചെക്യാട് പഞ്ചായത്തുകളിലെ 50 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. മൾട്ടി ഡിസിപ്ലിനറി അപ്രോച്ച്, ഇന്റർ ഡിസിപ്ലിനറി അപ്രോച്ച് എന്നീ സംവിധാനങ്ങളുള്ള മേഖലയിലെ ഏക സ്ഥാപനമാണ് ഇത്.
ഇതിന് പുറമേ, രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന അസിസ്റ്റഡ് ലീവിങ്ങ് സംവിധാനവും ഇവിടെയുണ്ട്. 18ന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം ആരംഭിക്കാനും പദ്ധതിയുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ആണ് തെറാപ്പി ചെയ്യുന്നത്.
വാർത്താസമ്മേളനത്തിൽ എം പി ട്രസ്റ്റ് ഡയറക്ടർ മീത്തലെ പറമ്പത്ത് മുഹമ്മദ്, അക്കര ഫൗണ്ടേഷൻ സിഇഒ: മുഹമ്മദ് യാസർ, മാനേജർ സി കെ അഷ്‌റഫ്, അബ്ദുറഹ്മാൻ പഴയങ്ങാടി, സഫ്വാൻ എന്നിവർ പങ്കെടുത്തു.
#Center #Child #Development #dedicated #nation #tomorrow thuneri.