നാദാപുരം : അരക്കോടി രൂപ ചെലവിൽ നാദാപുരം പഞ്ചായത്ത് ചീയ്യൂരിലെ പുഴയോരത്ത് നിർമ്മിച്ച വയോജന കെട്ടിടം ഉപയോഗശൂന്യമായിരിക്കുകയാണ്. പഞ്ചായത്തിന്റെ അനാസ്ഥയുടെ ഭാഗമായാണ് കെട്ടിടം നശിച്ചത്. ഇതിനെതിരെ ജനരോഷം ഉയരണമെന്ന് സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് നാദാപുരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദത്തിനുമായാണ് കേന്ദ്രം പഞ്ചായത്ത് സ്ഥാപിച്ചത്. എന്നാൽ ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. എല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പഞ്ചായത്തിൻറെ കെടികാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. പുഴയോരത്ത് കെട്ടിടം നിർമ്മിക്കുമ്പോൾ തന്നെ നിർമ്മാണത്തിന്റെ അശാസ്ത്രീയതയും ബിൽഡിങ് നിർമാണത്തിലെ അഴിമതിയും ജനങ്ങൾ ചൂണ്ടിക്കാണിച്ചതാണ്.



ഇത് ശരിവെക്കുന്നതാ ഇപ്പോഴത്തെ കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ. അടിയന്തരമായി വയോജന കേന്ദ്രം പുനർ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊള്ളണമെന്ന് സിറ്റിസൺ ഫ്രണ്ട് നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സീനിയർ സിറ്റിസൺ ഫ്രണ്ട്സ് അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി വി പി കുഞ്ഞി കൃഷ്ണൻ, ഏരിയ സെക്രട്ടറി കെ പി കുമാരൻ, ഏരിയ കമ്മിറ്റി അംഗം കെ ബാലകൃഷ്ണൻ, കെ പൊക്കൻ, പഞ്ചായത്തംഗം വി പി കുഞ്ഞിരാമൻ എന്നിവർ വയോജനകേന്ദ്രം സന്ദർശിച്ചു.
Nadapuram senior citizen center in disrepair due to mismanagement by the panchayat