നാദാപുരം: (nadapuram.truevisionnews.com) കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കമുള്ള സ്വർണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്‌മയ്ക്ക് നഷ്ടപ്പെട്ട ബ്രേയ്‌സ്‌ലെറ്റാണ് വിദ്യാർത്ഥികളുടെ സത്യസന്ധമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച നാദാപുരം ഗവൺമെന്റ് കോളേജ് കെട്ടിടോദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കയ്യിൽ ധരിച്ചിരുന്ന ബ്രേയ്‌സ്‌ലെറ്റ് കാണാനില്ലെന്ന് നജ്‌മ ശ്രദ്ധിച്ചത്. ഉടൻ തന്നെ പരിഭ്രാന്തയായ മെമ്പർ അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.



പിറ്റേദിവസം രാവിലെ തന്നെ കോളേജ് ഓഫീസിൽ എത്തി പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. ഇവർ സഞ്ചരിച്ച ബസിലും പരിശോധന നടത്തി. എന്നാൽ നിരാശയായിരുന്നു ഫലം. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം റീന കിണമ്പറേമൽ നജ്‌മയെ ഫോണിൽ വിളിച്ച് ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജ് ഗ്രൗണ്ടിൽ നിന്ന് ആഭരണം കിട്ടിയെന്ന് വിവരം അറിയിക്കുകയായിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ അബ്‌ദുൽ അഹദിൻ്റെ നേതൃത്വ ത്തിൽ വിദ്യാർത്ഥികൾ നടത്തിയ തെരച്ചിലിലാണ് ചെളിയിൽ പുരണ്ട് കിടക്കുന്ന ആഭരണം കിട്ടിയത്. ഇന്നലെ രാവിലെ കോളേജിൽ എത്തിയ നജ്‌മക്ക് ആഭരണം കണ്ടെടുത്ത ഫൈൻ ആർട്‌സ് സെക്രട്ടറി കൂടിയായ റുമൈസ് എന്ന വിദ്യാർത്ഥി ഇത് കൈമാറുകയായിരുന്നു.
മാതൃകാ പരമായ പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച നജ്‌മ അവർക്ക് മധുരപലഹാരം വിതരണം ചെയ്താണ് മടങ്ങിയത്. നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, യൂണിയൻ ചെയർമാൻ അബ്‌ദുൽ അഹദ്, ജനറൽ സെക്രട്ടറി മുഹമ്മദ് സിലത്ത്, മറ്റു ഭാരവാഹികളായ ശ്രീനന്ദ, ഷാദിയ, സന, അധ്യാപകരായ ലിജിന, സുദീപ്, രേവതി, പ്രജിത്ത്, മുജീബ്,, ലിബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Students return stolen gold jewelry to owner, setting an example










































