വളയം: (nadapuram.truevisionnews.com) ഏറെ വിവാദങ്ങൾക്കൊടുവിൽ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക അധ്യാപകർ തിരിച്ചു നൽകി. മുപ്പതോളം രക്ഷിതാക്കൾ കഴിഞ്ഞ ദിവസം സ്കൂളിലെത്തി പണം സ്വീകരിച്ചു. യൂണിഫോം ഫണ്ട് രണ്ട് വർഷത്തിന് ശേഷം തിരിച്ചു നൽകിയ തോടെ രക്ഷിതാക്കൾക്ക് വേണ്ടി ഇടപെട്ട കെ എസ് യു ജില്ലാ പ്രസിഡൻ്റിന് അഭിവാദ്യമർപ്പിച്ച് വളയത്ത് പോസ്റ്ററുകൾ പതിച്ചു.
പാസിംഗ് ഔട്ട് പരേഡ് പൂർത്തിയായിട്ടും വിദ്യാർത്ഥികളിൽ നിന്നും വാങ്ങിച്ച മുപ്പത്തി അയ്യായിരത്തിലധികം രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയാണ് കെ എസ് യു ജില്ലാ പ്രസിഡൻ്റ് സൂരജ് കലക്ടർക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും നൽകിയത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. രക്ഷിതാക്കൾക്ക് പരാതി ഇല്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്ന വാദമാണ് പണം വകമാറ്റി ചെലവഴിച്ച അധ്യാപകനെ ന്യായീകരിച്ച അധ്യാപകരും ചില പിടിഎ അംഗങ്ങളും ഉന്നയിച്ചത്.



പരാതിക്കാരനും വാർത്ത റിപ്പോർട്ട് ചെയ്ത ഓൺലൈൻ മാധ്യമത്തിനുമെതിരെയും വാർത്താ സമ്മേളനം നടത്തി പ്രതികരിക്കണമെന്നും കേസ് കൊടുക്കണമെന്ന് വരെ ന്യായീകരണം ഉണ്ടായി. എന്നാൽ പിടിഎ യെയുമായി ആലോചിക്കാതെ പണം വകമാറ്റി കൈവശം വെച്ചത് ശരിയല്ല എന്ന നിലപാടാണ് ഇപ്പൊഴത്തെ പിടിഎ ഭാരവാഹികൾ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശിക്കുന്നത് പോലെ സ്കൂളിൽ എസ്.പി.സി ഉപദേശക സമിതി രൂപീകരിക്കാത്തതിലും ചോദ്യങ്ങൾ ഉയർന്നു.
സൗജന്യ യൂണിഫോമും ഭക്ഷണവും എസ് പി സി കേഡറ്റുകളുടെ അവകാശമാണ്. മുൻ ബഹു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇത് അസന്നിദ്ധമായി പ്രഖ്യാപിച്ചതുമാണ്. ഇതിന് സർക്കാറും, വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളും പണം നൽകുന്നുണ്ട്. ഈ തുക കിട്ടാൻ വൈകിയാൽ രക്ഷകർത്താക്കളുടെ ഉത്തരവാദിത്വത്തിലും നേതൃത്വത്തിലുമാണ് പകരം സംവിധാനം ഏർപ്പെടുത്തേണ്ടത്. ഇതിന് പകരം എസ് പി സി ചുമലയുള്ള അധ്യാപകൻ സ്വയം പണം കാര്യം ചെയ്തുവെന്നും വകമാറ്റി ചെലവഴിച്ചുവെന്നുമായിരുന്നു ആരോപണം ഉയർന്നത്.
പരാതി ഉയർന്നപ്പോൾ പണം നൽകിയ രക്ഷിതാക്കളെ വിളിച്ചു വരുത്തി പരാതി ഇല്ലെന്ന് എഴുതി വാങ്ങിക്കാൻ പൊലീസിൻ്റെ സഹായത്തോടെ വലിയ ശ്രമമുണ്ടായതായും ഇത് അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി യു ഡിഎഫ് വളയം മണ്ഡലം കമ്മറ്റിയും രംഗത്ത് വന്നു.
വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും ഫോൺ വിളിച്ചും നേരിട്ടും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സമ്മർദ്ദത്തിലാക്കാൻ തുടങ്ങിയതോടെ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും പ്രസ്താവന ഇറക്കി.
ഇതിനിടയിൽ കെ എസ് യു വിനെ പരാതിയുമായി സമീപിച്ചത് തങ്ങളാണെന്ന് രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയതോടെ അധ്യാപകന് സംരക്ഷണ വലയം തീർത്തവർ പ്രതിസന്ധിയിലായി.
ഇതോടെ അധ്യാപകൻ പ്രതിനിധാനം ചെയ്യുന്ന അധ്യാപക സംഘടന നേതാക്കളെ അവരുടെ രാഷ്ട്രീയ നേതൃത്വം വിളിച്ചു ചേർത്തു. പണം ഉടൻ തിരിച്ചു നൽകണം എന്ന ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനുള്ള നിർദ്ദേശവും നൽകി.
ഇതിനിടെ അധ്യാപകൻ പ്രതിനിധാനം ചെയ്യുന്ന അധ്യാപക സംഘടന പത്ര പ്രസ്ഥാപന ഇറക്കിയതും ഊരാ കുടുക്കായി. വിവാദത്തിന് പിന്നിൽ കോവിഡ് കാലത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ സ്കൂളിൽ എത്തിച്ച മൊബൈൽ ഫോണുകളിൽ അഞ്ച് എണ്ണം കാണാതായ സംഭവത്തിൽ ആരോപണ വിധേനായ അധ്യാപകനാണ് എന്നതായിരുന്നു വാദം.
എന്നാൽ ഇതോടെ സംഭവത്തിൽ കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടു. ഈ റിപ്പോർട്ട് പ്രകാരം നടപടിക്ക് വിധേയരായ അഞ്ച് അധ്യാപകരിൽ നാല് പേരും എസ്പിസി അധ്യാപകനും ഉൾപ്പെട്ടിരുന്നും എന്നതും ഇദ്ദേഹത്തോടൊപ്പം ഒരേ സംഘടനയിൽ പ്രവർത്തിച്ചവരായിരുന്നു മറ്റ് മൂന്ന് പേർ എന്നതും ആരോപണം ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു.
പതിനായിരങ്ങളുടെ മൊബൈൽ ഫോണുകൾ കാണാതായിട്ടും എന്ത് കൊണ്ട് പൊലീസിൽ പരാതി നൽകിയില്ല? സൈബർ പൊലിൻ്റെ സഹായം തേടി എന്ത് കൊണ്ട് അഞ്ച് വർഷമായി മൊബൈൽ ഫോണുകൾ കണ്ടെത്തിയില്ല? 2020 - 21 അധ്യായന വർഷത്തിൽ ഉണ്ടായ മോഷണ സംഭവത്തിൽ പരാതി നൽകാൻ അന്നത്തെ പിടിഎ എന്ത് കൊണ്ട് രണ്ട് വർഷം കഴിഞ്ഞു എന്നീ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായില്ല.
സംസ്ഥാന സർക്കാർ കോടികൾ ചിലവഴിച്ച് നാദാപുരം മണ്ഡലത്തിലെ ഏക ഹൈടെക്ക് വിദ്യാലയ മായി ഉയർത്തിയ വളയത്തെ സർക്കാർ വിദ്യാലയം ഇന്ന് മികവിൻ്റെ ഉയരങ്ങളിൽ ചിറകടിച്ച് പറക്കുകയാണ്. ഇതിനിടയിലാണ് ചിലരുടെ വ്യക്തി താല്പര്യങ്ങളും വിരോധങ്ങളും സങ്കുചിത ചിന്തകളും സ്കൂളിൻ്റെ മുന്നേറ്റത്തിൽ കല്ലുകടിയാകുന്നത്. ഇതൊക്കെ അതിജീവിച്ച് നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പിന്തുണയോടെ പുതിയ ഉയരങ്ങളിലേക്ക് സ്കൂളിനെ നയിക്കാനുള്ള ചുവട് വെപ്പിലാണ് ഇപ്പൊഴത്തെ പിടിഎ നേതൃത്വം.
Uniform fund finally returned; Posters in Valayam salute KSU leader






































