കല്ലാച്ചി: (nadapuram.truevisionnews.com) സൂപ്പർ താരങ്ങളായ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും വിസ്മയ ലോകമായിരുന്നു നാദാപുരം നരിക്കാട്ടേരിക്കാരനായ വള്ളുമ്പ്രത്ത് രാഗിലിന്റെ ബാല്യത്തിലും യൗവ്വനത്തിലും നിറയെ. ആ സിനിമാ സ്വപ്നം ഒടുവിൽ അദ്ദേഹത്തെ എത്തിച്ചത് ഒരു മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമയുടെ റോളിലാണ്. ഈ യാത്രയിൽ, അഭിനയ വിസ്മയം മോഹൻലാൽ നേരിട്ട് പകർന്നുനൽകിയ ഒരനുഭവം രാഗിലിന് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായി.
കല്ലാച്ചിയിലെ കോടതി റോഡിൽ രാഗിൽ സ്ഥാപിച്ച 'ഡ്രീം സിനിമാ എന്റർടെയിൻമെന്റ്സ്' വെറുമൊരു ബിസിനസ് സംരംഭം മാത്രമായിരുന്നില്ല, അത് വെള്ളിത്തിരയിലേക്കുള്ള സ്വന്തം സ്വപ്‌നത്തിൻ്റെ താക്കോലായിരുന്നു.



ഡിഗ്രി പഠനത്തിന് ശേഷം സിനിമാ ലോകത്ത് ഒരു കൈ നോക്കാൻ രാഗിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ആ മോഹം അന്ന് ഉപേക്ഷിച്ചു. തുടർന്ന് എം.ബി.എ. പഠനത്തിലേക്കും മറ്റ് ബിസിനസ് കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എങ്കിലും മനസ്സിന്റെ തിരശ്ശീലയിൽ സിനിമ എന്ന സ്വപ്‌നം സജീവമായി നിന്നു. ഒടുവിൽ, താൻ തിരഞ്ഞെടുത്ത ബിസിനസ് വഴിയിലൂടെ തന്നെ സിനിമയെ ചേർത്തുപിടിക്കാൻ രാഗിൽ തീരുമാനിച്ചു.
പിതാവ് വള്ളംപുറത്ത് രാജനൊപ്പം ചേർന്നാണ് 'ഡ്രീം സിനിമാസ്' എന്ന മൾട്ടിപ്ലക്‌സ് തിയേറ്റർ യാഥാർത്ഥ്യമാക്കിയത്. സ്ഥാപനം തുടങ്ങി അധികം വൈകാതെ, മോഹൻലാലിന്റെ വിജയ ചിത്രമായ 'തുടരും' ഡ്രീം സിനിമാസിൽ പ്രദർശിപ്പിച്ചു. തിയേറ്ററിലെ അഞ്ചാമത്തെ സിനിമയായിരുന്ന ഈ ചിത്രം 52 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചു.
സിനിമയുടെ വിജയ ആഘോഷങ്ങളുടെ ഭാഗമായി, ചിത്രം പ്രദർശിപ്പിച്ച എല്ലാ തിയേറ്ററുകൾക്കും അണിയറ പ്രവർത്തകർ ഉപഹാരങ്ങൾ നൽകി. ഈ ഉപഹാരം സ്വീകരിക്കാനെത്തിയപ്പോഴാണ് വർഷങ്ങളായി വെള്ളിത്തിരയിൽ മാത്രം കണ്ടിരുന്ന പ്രിയതാരം മോഹൻലാലിനെ രാഗിലിന് നേരിട്ട് കാണാൻ സാധിച്ചത്.
"സിനിമയിൽ മാത്രം കണ്ട മോഹൻലാലിന്റെ മുന്നിലേക്ക്, ഞങ്ങളുടെ കൊച്ചുകമ്പനിയുടെ ഭാഗമായി ചെല്ലുമ്പോൾ, ഒരു ആരാധകന്റെ എല്ലാ എക്സൈറ്റ്മെന്റും എന്നിലുണ്ടായിരുന്നു," രാഗിൽ ആ കൂടിക്കാഴ്ചയുടെ ഓർമ്മ പങ്കുവെച്ചു.
ബിസിനസ് ലോകത്തെ കണക്കുകൂട്ടലുകൾക്കപ്പുറം, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം സഫലമാക്കാൻ രാഗിൽ തിരഞ്ഞെടുത്ത വഴി, ഇന്ന് ഒരു നാടിൻ്റെ സിനിമാ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന 'ഡ്രീം സിനിമാസി'ലൂടെ പൂർണ്ണമായി പൂവണിഞ്ഞു.
Swapnam Cinema finally becomes a theater owner; Mohanlal's golden moment for Ragil, the owner of 'Dream Cinemas' theater in Kallachi











































