നാദാപുരം: [nadapuram.truevisionnews.com] വളയം ചുഴലിയിൽ മത്സ്യത്തൊഴിലാളിയുടെ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു. പാറയുള്ള പറമ്പത്ത് റോഷന്റെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിലാണ് സാമൂഹ്യവിരുദ്ധർ ഉപ്പ് നിറച്ചതെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ മത്സ്യം എടുക്കുന്നതിനായി ചോമ്പാലയിലേക്ക് പുറപ്പെട്ട റോഷൻ, യാത്രയ്ക്കിടയിൽ വളയം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയപ്പോഴാണ് ടാങ്കിൽ അസാധാരണമായ അംശം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വാഹനം വർക്ക്‌ഷോപ്പിലെത്തിച്ച് ഇന്ധന ടാങ്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് ടാങ്കിനുള്ളിൽ നിറയെ ഉപ്പ് നിറച്ചതായി കണ്ടെത്തിയത്. ഏകദേശം ഒരു കിലോയോളം ഉപ്പാണ് ടാങ്കിൽ നിന്നും ലഭിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി വീടിനടുത്തുള്ള ഷെൽട്ടറിൽ വാഹനം പാർക്ക് ചെയ്ത നിലയിലായിരുന്നു. രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനം കേടുവരുത്തിയതാണെന്ന് സംശയിക്കുന്നതായി റോഷൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Incident of filling the fuel tank of a goods autorickshaw with salt










































