പുറമേരി :(nadapuram.truevisionnews.com) കാൽനൂറ്റാണ്ടിന് ശേഷം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത് മിന്നും വിജയം നേടിയ പുറമേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ പി. ശ്രീലതയും .വൈസ് പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ സബീദ കേളോത്തും ഇന്ന് ചുമതലയേറ്റു.
പി. ശ്രീലത എടച്ചേരി നോർത്ത് യു പി സ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം പുറമേരി കടത്തനാട് രാജാസ് ഹൈ സ്കൂളിലാണ് ഹൈസ്കൂൾ പഠനം. മടപ്പള്ളി കോളേജിലെ പഠനത്തിന് ശേഷം മുഴു സമയ പൊതു പ്രവർത്തകയായി.
നാല് തവണയാണ് ജനപ്രതിനിധിയായത്. ആദ്യം കല്ലുമ്പുറത്ത് നിന്നും, തുടർച്ചയായ മൂന്ന് തവണ നടേമ്മലിൽ നിന്നുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
രണ്ട് തവണ സി സി ഡി എസ് ചെയർ പേഴ്സണായും ഒരു പ്രാവശ്യം സാക്ഷരതാ മിഷൻ പ്രേരക് ആയും പ്രവർത്തിച്ച കാലഘട്ടം ശ്രീലതയുടെ പൊതു ജീവിതത്തിലെ നക്ഷത്ര തിളക്കങ്ങളാണ്.

പുറമേരി കെ ആർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ സജീവമായിരുന്നു നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
എടച്ചേരിയിലെ പനോളി ബാലൻ നമ്പ്യാരുടെയും പത്മിനി അമ്മയുടെയും മൂത്ത മകളായ ശ്രീലത നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കുറ്റ്യാടി ബ്ലോക് സെക്രട്ടറിയാണ്.
അന്തരിച്ച തോക്ക് വെച്ചകണ്ടിയിൽ ചന്ദ്രശേഖരനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്-മൃദുൽചന്ദ്, മിഥുൻ ചന്ദ്. വൈസ് പ്രസിഡണ്ടായ മുസ്‌ലിം ലീഗിലെ സബീദ കേളോത്ത് നിലവിൽ പുറമേരി പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടരിയാണ്. വാർഡ് 17 മുതുവടത്തൂരിൽ കന്നി അംഗത്തിൽ വിജയിച്ച സബീദ നാദാപുരം സി.എച്ച് സെൻ്റർ വളണ്ടിയർ വിംഗ് അംഗം കൂടിയാണ്.
5 വർഷം എം.ഇ.എസ് പബ്ലിക് സ്കൂളിലും, 2 വർഷം ഖത്തറിലെ ദോഹ ഫ്രഞ്ച് സ്കൂളിലും, 5 വർഷക്കാലം മുതുവടത്തൂർ എം.എൽ.പി. സ്കൂളിലും അധ്യാപികയായി സബീദ സേവമാനുഷ്ഠിച്ചു.
സി സി അമ്മദ് ഹാജിയുടെയും, ഖദീജ ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ് കുനിങ്ങാട് കേളോത്ത് അബ്ദുന്നാസർ. മക്കൾ ഫാത്തിമ ഷെറിൻ, മുഹമ്മദ് അബ്ദുൽ നാസർ, ഖൈറ അബ്ദുൽ നാസർ
P. Srilatha is the president and Sabeeda Keloth is the vice president.








































