നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ.കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആൾ കേരള ജിസിഐ ഫെസ്റ്റ് (കേളീരവം 2026) ജനുവരി 10 11 തീയതികളിൽ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 17 സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് രണ്ടുദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്.
പത്തിന് രാവിലെn 8 മണിക്ക് പതാക ഉയർത്തുന്നതോടെ പരിപാടി ആരംഭിക്കും. 8.30ന് കായിക മേളയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് നിർവഹിക്കും. കൊല്ലം സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് വി എം അബ്ദുൽ വഹാബ് മുഖ്യാതിഥിയാകും.
തുടർന്ന് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും അത്‌ലറ്റിക് മീറ്റും നടക്കും. വൈകുന്നേരം നാലു മണിക്ക് രചന മത്സരങ്ങൾ ആരംഭിക്കും. 6 30ന് കലോത്സവത്തിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും.

തുടർന്ന് മൂന്ന് വേദികളിലായി തിരുവാതിര, ഫാൻസി ഡ്രസ്സ്, മൂകാഭിനയം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 11ന് ഞായർ രാവിലെ 9 മണിക്ക് നാലു വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വൈകുന്നേരം 6.30ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, റിയാലിറ്റി ഷോ ടോപ്പ് സിംഗർ ഋതു വീണ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സ്പോർട്സ് മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് സമ്മാനിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി റോഷിത, കോഡിനേറ്റർ ഒ പി സിറാജുദ്ദീൻ, ട്രഷറർ എം കെ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
Kerala GCI Fest preparations complete










































