ഇരിങ്ങൽ: [nadapuram.truevisionnews.com] ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ കലയിലൂടെ അതിജീവിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ നെറുകയിലെത്തിയിരിക്കുകയാണ് കാജൽ ഡാനിച്ച എന്ന ഇരുപത്തിനാലുകാരി.
വിവാഹബന്ധം വേർപെട്ടതും അസുഖങ്ങളും നൽകിയ ഏകാന്തതയിൽ നിന്നും കരകയറാൻ കാജൽ തിരഞ്ഞെടുത്തത് ക്രോഷെ കലയെയായിരുന്നു. ഇന്ന് ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെ വിസ്മയമായി മാറിയിരിക്കുകയാണ് ഈ ഗുജറാത്ത് സ്വദേശിനി.
2024 ജൂലൈ 29 അർദ്ധരാത്രി മുതൽ ജൂലൈ 31 വൈകുന്നേരം 6 മണി വരെ തുടർച്ചയായി 42 മണിക്കൂർ ഉറക്കമില്ലാതെ അധ്വാനിച്ചാണ് കാജൽ ഒരു കമ്പിളിപ്പുതപ്പ് തുന്നിയെടുത്തത്. 28.5 ഇഞ്ച് വീതിയും 34 ഇഞ്ച് നീളവുമുള്ള ഈ സൃഷ്ടി കാജലിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലെത്തിച്ചു.
ഏറ്റവും കൂടുതൽ നേരം ക്രോഷെ ചെയ്ത വ്യക്തി എന്ന നേട്ടമാണ് ഇതിലൂടെ കാജൽ സ്വന്തമാക്കിയത്. കേരളത്തിൽ ആദ്യമായെത്തിയ കാജൽ ഇപ്പോൾ ഒരു പ്രത്യേക സൃഷ്ടിയുടെ പണിപ്പുരയിലാണ്.

44 ഇഞ്ച് വീതിയും 60 ഇഞ്ച് നീളവുമുള്ള 'കേരള തീം' എന്ന കലാസൃഷ്ടിയാണത്. കേരളത്തിന്റെ കായലും ഹൗസ് ബോട്ടുമെല്ലാം കോട്ടൺ നൂലിൽ തുന്നിച്ചേർക്കുന്ന ഈ സൃഷ്ടിക്ക് 4 ലക്ഷം രൂപയാണ് വിലമതിക്കുന്നത്. ഇതിന്റെ 75 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു.
രണ്ടു വർഷം മുൻപാണ് കാജൽ ഈ മേഖലയിലേക്ക് തിരിഞ്ഞത്. കുട്ടികൾക്കുള്ള പാവകൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, കീച്ചെയിനുകൾ എന്നിവയെല്ലാം കാജലിന്റെ വിരൽതുമ്പിൽ വിരിയുന്നു.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിടത്ത് നിന്ന് അമ്മയുടെ പിന്തുണയോടെ കാജൽ പടുത്തുയർത്തിയ ഈ വിജയം ഒരു വലിയ പോരാട്ടത്തിന്റെ കഥയാണ്.
A new story of survival unfolds on a thread









































