നാദാപുരം :(https://nadapuram.truevisionnews.com/)ചെറുപ്പം മുതൽ സ്നേഹിച്ചും ലാളിച്ചും വളർത്തിയ മാതാപിതാക്കൾക്ക് വിവാഹകാര്യത്തിലും അർഹമായ പങ്ക് വകവെച്ചു നൽകാൻ മക്കൾ സന്നദ്ധമാകണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി ആവശ്യപ്പെട്ടു.
മക്കളെ വളർത്തി വലുതാക്കുന്നതിലും വിവാഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ വഹിക്കുന്നതിലും വിവാഹ ശേഷമുള്ള ജീവിതത്തിൽ പോലും മാതാപിതാക്കൾ ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അത് എല്ലാവർക്കും ആവശ്യവുമുണ്ട്. എന്നിരിക്കെ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രം മാതാപിതാക്കളെ കൈയൊഴിയുന്നത് തികഞ്ഞ നന്ദികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന കുടുംബപ്രശ്ന പരിഹാരങ്ങൾക്കു ഉത്തമ മാതൃകയാണ് തിരുനബിയെന്നും വിവാഹ ജീവിതത്തെ നിരാകരിക്കുന്നത് സാമൂഹിക -ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നും ഇതിനെതിരെ പണ്ഡിതരും ജംഇയ്യത്തുൽ ഉലമകളും പ്രഭാഷകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ഉണർത്തി. '
കുടുംബ ജീവിതം അനിവാര്യമാണ്' എന്ന പ്രമേയത്തിൽ കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നടത്തുന്ന കാംപെയിൻ്റെ ഭാഗമായി വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. കുഞ്ഞമ്മത് മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. ടി.എച്ച്.
മസ് ഊദ് ഫലാഹി, ശബീർ വഹബി മമ്പാട്, ഡോ. ഉവൈസ് ഫലാഹി കുമ്മങ്കോട് ക്ലാസുകൾ നയിച്ചു. കെ.കെ.കുഞ്ഞാലി മുസ്ല്യാർ, ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, അഹ്‌മദ് ബാഖവി അരൂർ, ഒ.പി. മുജീബ് വഹബി, കെ.യു. ഇസ്ഹാഖ് ഫലാഹി, അബ്ദുല്ല വഹബി അരൂർ സംസാരിച്ചു.
Parents' role in marriage should be given due consideration: Najeeb Maulavi










































