വാണിമേൽ: (nadapuram.truevisionnews.com) കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം മാർച്ച് 5 മുതൽ 9 വരെ (കുംഭം 21 മുതൽ 25 വരെ) ഭക്തിനിർഭരമായ ചടങ്ങുകളോടെയും വിവിധ കലാപരിപാടികളോടെയും ആഘോഷിക്കുന്നു.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിരിക്കുന്നത്. ഉത്സവത്തിന്റെ ആദ്യദിനമായ മാർച്ച് 5 വ്യാഴാഴ്ച രാത്രി 7 മണിക്ക്, 2025 വർഷത്തിൽ അക്കാദമിക്, സ്പോർട്സ് മേഖലകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കും.
തുടർന്ന് 8 മണിക്ക് പ്രശസ്തർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാത്രി 7 മണി മുതൽ പ്രദേശവാസികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ നടക്കും.
മാർച്ച് 7 ശനിയാഴ്ച രാവിലെ ഗണപതിഹോമത്തോടെയും മൃത്യുഞ്ജയ ഹോമത്തോടെയും ആത്മീയ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങും തുടർന്ന് അന്നദാനവും നടക്കും.

വൈകുന്നേരം 6 മണിക്ക് ഉത്സവത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടക്കും. ദീപാരാധന, ഭഗവതി സേവ, ഗുരുതി തർപ്പണം എന്നിവയ്ക്ക് ശേഷം 8 മണിക്ക് ആധ്യാത്മിക പ്രഭാഷണവും 9 മണിക്ക് നാടൻ പാട്ടും അരങ്ങേറും.
ഉത്സവത്തിലെ പ്രധാന ദിനമായ മാർച്ച് 8 ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 11 മണിക്ക് കയകം തുറക്കലും 12 മണിക്ക് ഉച്ചക്കലശവും നടക്കും. വൈകുന്നേരം 6 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടോടു കൂടി തിറയാട്ട ചടങ്ങുകൾക്ക് തുടക്കമാകും.
പച്ചപ്പാലം ശ്രീകൃഷ്ണ ക്ഷേത്രം, താനിയുള്ള പൊയിൽ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലിയും ഡിജെയും ഈ ദിവസത്തെ പ്രധാന ആകർഷണമാണ്. രാത്രിയിൽ പൂമാല മുത്തപ്പൻ, ഗുരുകാരണംവർ, ഗുളികൻ, രക്തചാമുണ്ഡി, ഭഗവതി എന്നിവരുടെ വെള്ളാട്ടുകളും ഇളനീർ-പൂക്കലശം വരവും നടക്കും.
ഉത്സവത്തിന്റെ സമാപന ദിവസമായ മാർച്ച് 9 തിങ്കളാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തിറകൾ അരങ്ങിലെത്തും. ഗുളികൻ, പൂമാല മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുരുകാരണംവർ, രക്തചാമുണ്ഡി തുടങ്ങിയ തിറകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഭഗവതി തിറയാട്ടം നടക്കും.
അന്നദാനത്തിന് ശേഷം വൈകുന്നേരം 4 മണിക്ക് ഗുരുതി തർപ്പണത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് കൊടിയിറങ്ങും.
Sree Chelalakvav Temple Thira Festival








































