നാദാപുരം : (nadapuram.truevisionnews.com)സർക്കാരിൻ്റയും നാടിൻ്റെയും കരുതലും സ്നേഹവും തീർത്ത സുരക്ഷിതത്വത്തിൻ്റെ തണലിൽ ദുരിത ബാധിതരെല്ലാം ജീവിതം തിരികെ പിടിക്കുന്നു.
വിലങ്ങാട്ടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള കാഴ്ച്ചകൾ ഇതാണ് സൂചിപ്പിക്കുന്നത്. "കൺമുന്നിലാണ് എല്ലാം ഒലിച്ചുപോയത്. മല പിളർന്ന് പാറയും മരങ്ങളുമെല്ലാം കുത്തിയൊലിച്ച് വരികയായിരുന്നു.
എങ്ങനെയോ ജീവനും കൊണ്ടോടി' പാനോത്തെ എൺപത്തിനാലുകാരി തൊട്ടിയിൽ ഓമനയുടെ വാക്കുകളിൽ ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല.
ഉരുൾപൊട്ടിയൊലിച്ചതിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും കൺമുന്നിലുണ്ട്. വിലങ്ങാട് ഉരുൾപൊട്ടലിൽ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുകയാണ് ഓമന.
ഓമന മുതൽ ഒരു വയസ്സുകാരൻ മെൽവിൻ വരെ ക്യാമ്പിലുണ്ട്. എല്ലാവർക്കും പറയാനുള്ളത് ദുരിതത്തിൽ ചേർത്തുപിടിച്ച നല്ല മനുഷ്യരെക്കുറിച്ചാണ്.
വാർധക്യത്തിന്റെ അവശതയിൽ കഴിയുന്ന പത്തോളം പേരുണ്ടിവിടെ. പാനോത്തെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഇവർ ആദ്യമുണ്ടായിരുന്നത്.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിതമായ സ്ഥലമെന്ന നിലയിൽ 75ഓളം പേരെ വെള്ളിയോട് സ്കൂളിലേക്ക് മാറ്റുകയായിരുന്നു.
ക്യാമ്പിൽ എല്ലാ സൗകരവുമുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സന്നദ്ധ പ്രവർത്തകർ ഏത് സമയവും എല്ലാ സഹായവുമായി കൂടെയുണ്ട്.
#They #say #about #good #people #united #adversity