എടച്ചേരി:(nadapuram.truevisionnews.com) ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഹോട്ടൽ, ബേക്കറി, കൂൾ ബാർ, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ജല പരിശോധന നടത്തി.
സുരക്ഷിതം ആണെന്ന് ഉറപ്പുവരുത്തിയ കുടിവെള്ളം ഉപയോഗിച്ചുള്ള ശീതള പാനീയങ്ങൾ, ഗ്രാമപഞ്ചായത്ത് ലൈസൻസ് എടുത്ത കടകളിൽ ഹെൽത്ത് കാർഡ് ഉള്ള ജീവനക്കാരിലൂടെ മാത്രമേ കച്ചവടം നടത്താൻ അനുവദിക്കുകയുള്ളു എന്ന് ഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു.
ഒരേ എണ്ണ ഉപയോഗിച്ച് ഒന്നിൽകൂടുതൽ തവണ പാകം ചെയ്യുന്നവർക്കെതിരെയും പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെയും, പൊതു സ്ഥലത്തു അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് പോവുന്ന വഴിയോര കച്ചവടക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരമുള്ള പുകവലി മുന്നറിയിപ്പ് ബോർഡ് പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്.
വിദ്യാലയങ്ങളുടെ നൂറു വാര അകലത്തിനുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
നിയമം ലംഘിച്ചു പ്രവർത്തിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നായി 1600 രൂപ പിഴയിനത്തിൽ ഈടാക്കി.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്‌ടർ എൻ. ടി. ജിതേഷ്,ജെ എച്ച് ഐ മാരായ മധുസൂദനൻ, രോഷ്‌നി, നിവേദിത എന്നിവർ നേതൃത്വം നൽകി.
#Healthy #Kerala #health #department #intensified #inspection #Edachery