നാദാപുരം : ( www.truevisionnews.com) ''രോഗികൾ വരുമ്പോൾ ഡോക്ടർമാർക്ക് ബേജാറാ, കുട്ടികളുടെ ഡോക്ടറാവട്ടെ ഒന്ന് തൊട്ടുപോലും നോക്കാതെ തട്ടിവിടുകയാണ് ". ആശുപത്രിയിൽ കാത്തിരുന്നു മടുത്ത ഒരു രോഗിയുടെ പരിഭവം.
" ഈ വലിയ ക്യൂവിൽ മണിക്കൂറോളം കാത്ത് നിന്ന് അവിടെ എത്തിയപ്പോഴാ പറയുന്നത് ഇൻസുലിനും പല മരുന്നുകളും തീർന്നെന്ന് ".
വളയത്തെ സാധാരണക്കാരായ രോഗികളുടെ നിരാശയും പരിഭവവും അറിഞ്ഞാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിയത്. നിറയേ രോഗികളും കൂട്ടിരിപ്പുകാരും.
ഒപിയിൽ പരിശോധിക്കാൻ രണ്ട് ഡോക്ടർമാർ മാത്രം . അത്യാഹിതമായി രോഗികൾ എത്തിയാൽ നിരീക്ഷണ മുറിയിലും മുറിവ് കെട്ടുന്നിടത്തേക്കും ഈ ഡോക്ടർമാർ തന്നെ ഓടണം.
രോഗികൾക്ക് മാത്രമല്ല ഇവിടെ അത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കുമുണ്ട് ഒട്ടേറ പരാതികളും പരിഭവങ്ങളും. മികവിൻ്റെ കേന്ദ്രമായി പേരെടുത്ത വളയത്തെ സർക്കാർ ആശുപത്രിയിൽ അടിമുടി താളം തെറ്റാൻ തുടങ്ങി.
അടുത്തിടെ വരെ മാതൃകാപരമായി പ്രവർത്തിച്ച വളയം ഗവർമെൻറ് ഫാമിലി ഹെൽത്ത് സെൻറർ പ്രവർത്തനം താളം തെറ്റി തുടങ്ങിയിട്ട് മാസങ്ങളായി.
ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. അത്യാവശ്യമരുന്നുകളും കിട്ടാനില്ല ജീവിതശൈലി രോഗത്തിനുള്ള മരുന്നുകൾ പതിവായി വാങ്ങുന്നവരും ആശുപത്രിയിൽ എത്തി മടങ്ങുകയാണ്. ഒ പി ഡോക്ടർമാരുടെ പട്ടിക ക്ലബുകളും മറ്റും
സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്, ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് ഇത് മാറ്റി.
കൂടുതൽ രോഗികൾ എത്തിയാൽ ഡോക്ടർമാർ കുഴങ്ങും. പല ദിവസവും രണ്ടോ മൂന്നോ ഡോക്ടർമാർ മാത്രം. രോഗികളാകട്ടെ 600 അധികവും.
സാധാരണക്കാരായ രോഗികളുടെ സൗകര്യാർത്ഥം ആശുപത്രിയുടെ പ്രവർത്തന സമയം വൈകിട്ട് 5. 30 വരെ നീട്ടിയെങ്കിലും രാവിലെ ഏഴ്ഡോക്ടർമാർ വേണ്ടെടുത്ത് ഉള്ളത് മൂന്ന് പേർ മാത്രം. മെഡിക്കൽ ഓഫീസറുടെ അവധി വരുമ്പോൾ ഒപിയിലുള്ള ഡോക്ടർ ആശുപത്രിയുടെ അക്കാദമിക് പ്രവർത്തനങ്ങളിലേക്ക് കടക്കും.
അപ്പോൾ ചികിത്സ ലഭിക്കാതെ രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കണം. പിഎസ്‌സി നിയമനം നടക്കാത്തതിനാൽ ഒരു അസിസ്റ്റൻറ് സർജന്റെ ഒഴിവ് ഇവിടെ ദീർഘകാലമായിയുണ്ട് .
കഴിഞ്ഞ മാസം മെഡിക്കൽ ഓഫീസറും അവധിയിലായിരുന്നു. അസിസ്റ്റൻറ് മെഡിക്കൽ സർജൻ ആഗസ്റ്റ് മുതൽ അവധിയിലാണ് .അവർ 2025 ഫെബ്രുവരി 21 വരെ അവധി അപേക്ഷ നൽകിയിരിക്കുകയാണ്.
ഈ പോസ്റ്റിലും പകരം നിയമനം ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ നിയമനം നടത്താം. ഇത്തരത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുടെ സേവനം ഉപയോഗിച്ചാണ് ആശുപത്രിയിൽ ഉച്ചക്കുശേഷം ഉള്ള ഒ പി നടന്നുപോകുന്നത്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും കുറവുണ്ട് . ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ രണ്ട് ഒഴിവ് ഇവിടെയുണ്ട്.
ഒരു ജീവനക്കാരി കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സ്ഥലം മാറിപ്പോയി.
ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട് .
മൂന്നു പേർ വേണ്ടയിടത്ത് താൽക്കാലികമായി നിയമിച്ച രണ്ടുപേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. പിഎസ് സി ആണ് ഈ ഒഴിവ് നികത്തേണ്ടത്.
തൂണേരി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയും നിയമിച്ച രണ്ടുപേരാണ് ഇപ്പോൾ ഫാർമസിയുടെ പ്രവർത്തനം ഭാഗികമായി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം വന്നിരിക്കുകയാണ്. ഇദ്ദേഹം കൂടി പോകുന്നതോടെ ആശുപത്രി കേന്ദ്രീകരിച്ചുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളും പാടെ താളം തെറ്റും.
സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ഭൗതിക സംവിധാനങ്ങളാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം വളയത്തെ സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇവയൊക്കെ വൃത്തിയായി സൂക്ഷിക്കാൻ ഇവിടെ ആവശ്യത്തിന് ക്ലീനിങ് സ്റ്റാഫുകൾ ഇല്ല.
ഒരുകാലത്ത് ദുർഗന്ധം വമിക്കുന്ന ആശുപത്രി എന്ന സ്ഥിതി ഇപ്പോൾ ആകെ മാറിയിട്ടുണ്ട്.
എന്നാൽ യഥാസമയം ശുചീകരണം നടന്നില്ലെങ്കിൽ എല്ലാം പഴയപടിയാകും.
ഗ്രേഡ് ടു വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്. എംപ്ലോയ്മെൻറ് വഴിയാണ് ഈ നിയമനം നടക്കേണ്ടത്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദിവസക്കൂലിക്ക് നിയമിക്കുന്നവരാണ് ഇപ്പോൾ ആശുപത്രിയും പരിസരവും ശുചിയായി സൂക്ഷിക്കുന്നത്.
ആശുപത്രിക്ക് മുന്നിൽ രോഗികളുടെ പ്രതിഷേധവും അമർഷവും നാൾക്കുനാൾ ഏറുകയാണ്. വിവിധ രാഷ്ട്രീയ- യുവജന സംഘടനകൾ സമരം നടത്തിയെങ്കിലും ആരും ഉണർന്നിട്ടില്ല.
ആശുപത്രി ദുരവസ്ഥയിലേക്ക് നീങ്ങുന്നത് ആരോഗ്യ മന്ത്രി ഉൾപ്പെടെ ഉളളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റിയും രാഷ്ട്രീയ പാർട്ടികളും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
#must #come #together #recover #government #hospital #Valayam