നാദാപുരം: (nadapuram.truevisionnews.com) വേനല്‍ കാലത്തെ ജലക്ഷാമത്തിനിടയില്‍ നാടിന് ആശ്വാസമായി തെളിനീരോഴുകുന്ന ജലസ്രോതസ്സായിരുന്ന കുമ്മങ്കോട് പുളിക്കൂല്‍ തോട് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി.
കുമ്മങ്കോട് ഭാഗത്തെ തടയണയുടെ ചീര്‍പ്പ് അടച്ചതോടെ ഈ ഭാഗത്തു കെട്ടിക്കിടക്കുന്ന വെള്ളം ദുര്‍ഗന്ധപൂരിതമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പലരും തോട്ടിലേക്ക് തള്ളുന്നുണ്ട്.
തടയണ അടച്ചതോടെ എല്ലാ മാലിന്യങ്ങളും ഇവിടെ വന്നടിയുകയാണ്. സമീപത്തെ കിണറുകളിലെ വെള്ളം അടക്കം ഇതോടെ മലിനമായി തുടങ്ങി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നാട്ടുകാരും അതിഥി തൊഴിലാളികളുമൊക്കെ അലക്കാനും കുളിക്കാനുമൊക്കെ ആശ്രയിച്ചിരുന്ന തോടാണ് മലിനമായത്.
ചെക്യാട് അരീക്കര കുന്നിലെ ബിഎസ്എഫ് കേന്ദ്രത്തിലേക്കടക്കാം ഈ വെള്ളം മുമ്പ് കൊണ്ടുപോയിരുന്നെങ്കിലും വെള്ളം മലിനമായതോടെ അവര്‍ വെള്ളമെടുക്കുന്നത് നിര്‍ത്തി.
കുറ്റ്യാടി പദ്ധതിയുടെ കനാല്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളു. കനാല്‍ വഴി ഒഴുകിയെത്തുന്ന വെള്ളവും ഈ മലിന വെള്ളവും കലരുന്നതോടെ കനാല്‍ വെള്ളത്തിന്റെ പ്രയോജനവും പലയിടങ്ങളിലും ഇല്ലാതാവും.
#barrier #closed #Pulikul #ditch #full #garbage #useless