Feb 5, 2025 05:07 PM

നാദാപുരം: (nadapuram.truevisionnews.com) ഉരുൾപൊട്ടൽ ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പുനരധിവാസം നടക്കാത്ത വിലങ്ങാട് പ്രദേശം എസ് ഡി പി ഐ നാദാപുരം മണ്ഡലം നേതാക്കൾ സന്ദർശിച്ചു .

2024 ജൂലായ് 30നാണ് അതിശക്തമായ മഴയെ തുടർന്ന് വാണിമേൽ വിലങ്ങാട് പ്രദേശത്തെ പൂർണ്ണമായും തകർത്തുകൊണ്ട് വൻ ദുരന്തം ഉണ്ടായത് . ആൾനാശം താരതമ്യേന കുറവാണെങ്കിലും ഒരുപക്ഷേ വയനാട് ചൂരൽമലയെക്കാൾ ഭീകരമായ ദുരന്തമാണ് വിലങ്ങാട് ഉണ്ടായത് .

വീടുകൾ, റോഡുകൾ, കെട്ടിടങ്ങൾ, കൃഷിഭൂമികൾ തുടങ്ങി സർവ്വതും തകർന്ന ഒരു പ്രദേശത്ത് ആറു മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ ഇടപെടലുകൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .

റോഡുകൾ പുനർ നിർമ്മിക്കുകയോ എല്ലാം നഷ്ടപ്പെട്ട വീട്ടുകാരെ പുനരധിവസിപ്പിക്കുകയോ ചെയ്തിട്ടില്ല.പലരും ഇപ്പോഴും വാടക കെട്ടിടങ്ങളിലോ ബന്ധുവീടുകളിലോ ആണ് താമസിക്കുന്നത്. മൂന്നുമാസത്തെ വീട്ടു വാടക കൊടുത്തതല്ലാതെ കാര്യമായ ഒരു സഹായവും അവർക്ക് ലഭിച്ചിട്ടില്ല .

മഞ്ഞച്ചീള് ഭാഗത്തെ തകർന്ന പാലം പുനർ നിർമ്മിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .അടുത്ത വർഷകാലം വരാൻ മൂന്നുമാസം മാത്രമാണ് ബാക്കിയുള്ളത്. പാലത്തിന്റെ പുനർ നിമ്മാണം നടന്നില്ലെങ്കിൽ 400 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശം പൂർണ്ണ അർത്ഥത്തിൽ ഒറ്റപ്പെടുന്ന സ്ഥിതിയാണ് വരാൻ പോകുന്നത്.

ഉരുട്ടി പാലം, വിലങ്ങാട് ടൗൺ, ഹൈസ്കൂൾ പരിസരം തുടങ്ങി പുഴയോട് ചേർന്ന സ്ഥലങ്ങളിലെല്ലാം റോഡ് ഇടിഞ്ഞു തകർന്നതിനാൽ ഏത് സമയവും ഗതാഗതം നിലക്കുമെന്ന സ്ഥിതിയാണ്.

അണക്കെട്ടിലും പുഴയിലും അടിഞ്ഞുകൂടിയ ലോഡ് കണക്കിന് മണ്ണും പാറക്കൂട്ടങ്ങളും മാറ്റാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

അടുത്ത മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന മലവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതിനാൽ വീണ്ടും പുഴ വഴിമാറി സഞ്ചരിച്ച് വൻ ദുരന്തങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന ഭയാശങ്കയാണ് പ്രദേശത്തുകാർ പ്രതിനിധി സംഘത്തോട് പങ്കുവെച്ചത് .

ജനങ്ങളുടെ ആശങ്ക അകറ്റാനും ദുരിതപൂർണമായ ഈ അവസ്ഥയിൽ നിന്ന് പ്രദേശത്തെ രക്ഷിക്കാനും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു .

ഓർഗനൈസിങ് സെക്രട്ടറി മുനീർ എം കെ മണ്ഡലം കമ്മിറ്റി അംഗം ഷൗക്കത്ത് നാദാപുരം വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ് മാസ്റ്റർ എം കെ കെ അബ്ദുല്ല റെനീഫ് റൗഫ് നിസാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

#Vilangad #Rehabilitation #Immediate #steps #taken #remove #people #worries #SDPI

Next TV

Top Stories