നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ കാപട്യത്തിന്റെ ലളിതമായ ഉദാഹരണമാണെന്ന് യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ നാദാപുരത്തെ ജനം ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളോടൊപ്പം നിൽക്കുമെന്ന ഭയമാണ് കാട്ടിക്കൂട്ടൽ സമരങ്ങൾക്ക് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചു.

വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കാതെയാണ് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ അനുവദിക്കുന്നത്. ഇടതുപക്ഷ ഗവൺമെന്റ് ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് വ്യാപകമായി വെട്ടിച്ചുരുക്കിയിട്ടും ഈ വർഷം19.72 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.
എല്ലാ സാമ്പത്തികപ്രതിസന്ധികളെയും മറികടന്ന് വിവിധ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് കണ്ടെത്തിയാണ് പഞ്ചായത്ത് ഭരണസമിതി വികസനം നടത്തിക്കൊണ്ടിരിക്കുന്നത്. ലൈഫിലെയും പി.എം.എവൈ ഭവനപദ്ധതികളിലെ മുഴുവനാളുകൾക്കും വീട് നൽകുന്നതിന് പണം നീക്കിവെച്ച പഞ്ചായത്താണ് നാദാപുരം.
ആനുപാദികമായ ബ്ലോക് ജില്ലാ പഞ്ചായത്ത് വിഹിതം ലഭിക്കാത്തത് മൂലം ഗുണഭോക്താക്കൾ വലയുകയാണ്.സമീപകാലത്ത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിലും ആരംഭിക്കാൻ കഴിയാത്ത വിവിധ പദ്ധതികൾക്കാണ് ഈ ഭരണസമിതി തുടക്കം കുറിച്ചിരിക്കുന്നത്.
ഡൽഹി,ശ്രീനഗർ, ഭൂവനേശ്വർ എന്നിവിടങ്ങളിൽ കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം നടത്തിയ സെമിനാറുകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്തിലെ വികസന മോഡലുകളവതരിപ്പിക്കാൻ പ്രസിഡണ്ടിന് പങ്കെടുക്കാനായിട്ടുണ്ട്.കഴിഞ്ഞാഴ്ചയാണ് കേന്ദ്രസംഘം നദാപുരത്തെ PMKSY പദ്ധതിപ്രവർത്തനം പഠിക്കാനായെത്തിയത്.
ഇത്തരം വികസന നേട്ടങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന് പകരം അസൂയ പൂണ്ട ഇടതുപക്ഷത്തെ നേതാക്കളിലെ ചിലരുടെതാൽപര്യപ്രകാരം നിരന്തരസമരം നടത്തുന്നത് നാട്ടിനോടുള്ള വെല്ലുവിളിയാണ്.
ഇത്തരം തട്ടിപ്പ് സമരങ്ങളെ നേരിട്ടുകൊണ്ടുതന്നെ ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങളുമായി ഒന്നിച്ച് മുന്നേറും എന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹമീദ് വലിയണ്ടി, കൺവീനർ അഡ്വ കെ എം രഘുനാഥ് എന്നിവർ അറിയിച്ചു.
#protest #against #Nadapuram #GramaPanchayat #hypocrisy #Left #UDF