വടകര: (vatakara.truevisionnews.com) 'മടപ്പള്ളി ഓർമ്മ' എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന, 'പറഞ്ഞുതീരാത്ത കഥകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിന്റെ കവർ പ്രകാശനം സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ നിർവഹിച്ചു.
പിആർ നമ്പ്യാർ ലൈസിയത്തിൽ നടന്ന ചടങ്ങിൽ മടപ്പള്ളി ഓർമ്മയുടെ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മണലിൽ മോഹനൻ, മനോജ് മണിയൂർ, ഒകെ ശൈലജ, പി മനോഹരൻ, ഓർമ്മയുടെ ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.


എസ് കെ സജിത മിനികഥയും കെ സ്മിത, അനി മൂചുകുന്ന്, വിവേക് ഏറോത്ത്, കെ ജയകുമാർ എന്നിവർ കവിതകളും സുന്ദരൻ തോലേരി മിമിക്രിയും അവതരിപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി ആർട്ട് ആൻഡ് ഡിസൈൻ വിഭാഗം തലവനുമായ ആർട്ടിസ്റ്റ് ശശികൃഷ്ണൻ ആണ് കവർ രൂപകൽപ്പന ചെയ്തത്.
സംഘടന സ്വന്തം പേരിൽ തന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻറെ ലേ ഔട്ടും പ്രിന്റിങ്ങും തലശ്ശേരിയിലെ 'പ്രിന്റിംഗ് പാർക്ക് ' ആണ് നിർവഹിക്കുന്നത്. 23 പൂർവ്വ വിദ്യാർത്ഥികളുടെ കഥകളാണ് സമാഹാരത്തിൽ ഉള്ളത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കഥാകാരനുമായ വി ആർ സുധീഷ് ആണ് അവതാരിക എഴുതിയത്. ജൂലൈ മാസത്തിൽ തന്നെ പുസ്തക പ്രകാശനം നടത്താനാണ് ലക്ഷ്യമിടുന്നത്.
paranjutheerathakadhakal Cover of story collection released