നാദാപുരം:(nadapuram.truevisionnews.com) നാദാപുരം: തെരുവമ്പറമ്പിലെ ചിയ്യൂർ എൽ പി സ്‌കൂൾ പി ടി എ ജനറൽബോഡി യോഗത്തിൽ രക്ഷിതാക്കളും മാനേജരും തമ്മിൽ വാക്കേറ്റം. സ്‌കൂളിലെ ജീർണിച്ച കെട്ടിടങ്ങളും ശുചിമുറികളും പുനർനിർമിക്കണമെന്നുള്ള വർഷങ്ങളായുള്ള പി ടി എ യുടെ ആവശ്യം പരിഗണിക്കാൻ ഇനിയും കാല താമസം വേണ്ടി വരുമെന്ന് മാനേജർ പി ടി എ യോഗത്തിൽ പറഞ്ഞതോടെയാണ് വാക്കേറ്റം നടന്നതും കയ്യാങ്കളിയുടെ വക്കിലെത്തിയതും.
നാദാപുരം സബ് ജില്ലയിലെ സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച കെട്ടിടങ്ങൾ പണിതിട്ടും ചിയ്യൂർ എൽ പി സ്‌കൂൾ മാത്രം അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്ന പഴയ കെട്ടിടങ്ങളിൽ തന്നെയാണ് അധ്യയനം നടത്തുന്നത്. ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഇല്ലാതിരുന്നിടത്ത് നാദാപുരം ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് ശുചി മുറി പണിതത്.
ഇത് വൃത്തിയാക്കുന്നത് ഉൾപ്പെടയുള്ള കൃത്യ നിർവഹണത്തിന് ആളെ നിയമിച്ചതും പി ടി എ യാണ്. സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം ഒൻപത് വിദ്യാർത്ഥികൾക്ക് എൽ എസ് എസ് ലഭിക്കാൻ കാരണമായത് പി ടി എ യുടെ ഇടപെടലും അധ്യാപകരുടെ കഠിന പ്രയത്നവുമാണെന്ന് പി ടി എ അംഗങ്ങൾ പറയുന്നു.
സ്കൂളിന്റെ വാർഷിക പരിപാടികൾ ഉൾപ്പെടെ ഒരു പ്രവർത്തനങ്ങൾക്കും മാനേജർ സഹരിക്കാറില്ലെന്നും രക്ഷിതാക്കൾ തീർത്ത് പറഞ്ഞു. നിലവിലെ പി ടി എ പ്രസിഡന്റ് ഇ ഹാരിസിനെ അംഗീകരിക്കില്ലെന്നും ഹാരിസിനെ മാറ്റി മറ്റൊരാളെ പി ടി എ പ്രസിഡന്റാക്കണമെന്നും മാനേജർ തിട്ടൂരം ഇറക്കിയതോടെ ഹാരിസ് തന്നെ പി ടി എ പ്രസിഡന്റായി തുടരണമെന്ന് രക്ഷിതാക്കൾ ഏക സ്വരത്തിൽ അഭിപ്രായപ്പെടുകയും ഹാരിസ് വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയുമായിരുന്നു.



സ്‌കൂളിൽ നിരവധി നവീന പദ്ധതികൾ കൊണ്ട് വന്ന പി ടി എ പ്രസിഡന്റ് ഹാരിസും മാനേജരും തമ്മിലുള്ള ശീത സമരമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവരും തമ്മിലുള്ള പോർ വിളിയിൽ നിലവിലെ കെട്ടിടം പൊളിപ്പിച്ചു പുതിയ കെട്ടിടം നിർമിപ്പിക്കുമെന്നും അധ്യാപകരെ ചേർക്കാൻ വാങ്ങുന്ന ലക്ഷങ്ങൾ വീട്ടിലേക്ക് കൊണ്ട് പോകാൻ അനുവധിക്കുകയില്ലെന്നും ഹാരിസ് മാനേജരോട് പറയുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2023 ൽ സ്‌കൂളിൽ നടന്ന പോക്സോ കേസിൽ ഹാരിസ് അധ്യാപകന് അനുകൂലമായി മൊഴി കൊടുത്തെന്നും ഹാരിസും ഇരയുടെ കുടുംബവും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മാനേജർ ആരോപിക്കുന്നു. പോക്സോ കേസ് നടക്കുമ്പോൾ പി ടി എ പ്രസിഡന്റ് കെ സി ശംസു ആയിരുന്നെന്നും എന്റെ കാലത്ത് നടക്കാത്ത സംഭവത്തിൽ ഞാൻ എന്തിന് വിശദീകരണം നൽകണം എന്നാണ് ഹാരിസ് ചോദിക്കുന്നത്. ഏതായാലും ചിയ്യൂർ എൽ പി സ്‌കൂളിലെ പി ടി എ ജനറൽബോഡിയുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് വിദ്യാഭ്യാസ മേഖലയിലും സോഷ്യൽ മീഡിയയിലും നടക്കുന്നത്.
Clashes between parents and manager at Chiyyur LP School PTA









































