വളയം: വളയം പോലീസിന് വർഗ്ഗീയ- മനുഷ്യത്വ വിരുദ്ധ നിലപാടുകൾ ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും. വളയം പോലീസ് സ്റ്റേഷന് മുന്നിൽ നാളെ യുഡിഎഫ് നേതൃത്വത്തിൽ ധർണ്ണ സമരം നടത്തും. ഞായറാഴ്ച്ച കാലത്ത് 10മണിക്കാണ് ധർണ. കാലത്ത് 9.30 ന് വളയം ടൗൺ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കും.
വളയം പോലീസ് സ്റ്റേഷനിൽ വീണ്ടും വർഗീയത പറഞ്ഞ് റിമാൻഡ് റിപ്പോർട്ടെന്ന യു ഡി എഫിന്റെ ആരോപണത്തിന് പിന്നാലെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പരാതിക്കാരുടെയും പ്രതികളുടെയും മതം പറഞ്ഞ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് യുഡിഎഫിന്റെ ആരോപണം.



പ്രതികൾ മുസ്ലിം വിഭാഗത്തിൽ ഉള്ളവരും പരാതിക്കാർ ഹിന്ദു മത വിഭാഗത്തിൽ പെട്ടവരുമാണെന്നും, മുസ്ലിം ആയ ആളുകൾ ഹിന്ദുക്കളെ അടിച്ചതിൽ പ്രദേശത്തെ ഹിന്ദുക്കൾക്ക് കടുത്ത അതൃപ്തി ഉണ്ടെന്നും തരത്തിൽ പോലീസ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് യു ഡി എഫ് ആരോപിക്കുന്നത് .
ബൈക്കിന്റെ അമിത വേഗതയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്ഥലത്ത് പരാതിക്കാരും പ്രതികളും തമ്മിൽ സംഘർഷം ഉടലെടുത്തത്. എഫ് ഐ ആറിൽ മർദ്ദിച്ചു എന്ന് മാത്രമുള്ള പരാതിയിൽ പൊലീസ് നാദാപുരം കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോട്ടിലാണ് മാറ്റാം വന്നതായി ആരോപിക്കുന്നത്.
നിരന്തരമായി വർഗീയ സംഘർഷം നടക്കുന്ന ഇടമാണെന്നും പ്രതികൾക്ക് ജാമ്യം കൊടുക്കാൻ പാടില്ലെന്നും കാണിച്ചാണ് ഇത്തരത്തിൽ ഒരു റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആരോപണം.
വളയത്ത് നടന്ന തികച്ചും വ്യക്തിപരമായ സംഘർഷത്തിൽ യാദൃച്ഛികമായി കക്ഷികൾ ഹിന്ദുക്കളും മുസ്ലിങ്ങളും ആയതിനാൽ ബോധപൂർവം വർഗീയ സംഘർഷമായി ചിത്രീകരിച്ച് വർഗീയ ധ്രുവീകരണത്തിന് പ്രേരണ നൽകുന്ന രീതിയിൽ കേസ് എടുക്കുകയും, കണ്ടാൽ അറപ്പുണ്ടാകുന്ന രീതിയിൽ നഗ്നമായ വർഗീയ പരാമർശം നടത്തി റിമാൻഡ് റിപ്പോർട്ട് നൽകുകയും ചെയ്ത വളയം പോലീസിൻ്റെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
മത സൗഹാർദവും ബഹുസ്വരാധിഷ്ടിത സാമൂഹ്യ ക്രമവും നിലനിൽക്കുന്ന പ്രബുദ്ധ കേരളത്തെ വർഗീയവത്കരിക്കാനുള്ള പോലീസിന്റെ ശ്രമം ഏറെ ഭീതിയോടും ഉത്കണ്ഠയോടും കൂടിയാണ് മതേതര സമൂഹം കാണുന്നത്. നാടിനെ ആകെ വർഗീയവത്കരിച്ചു, സമൂഹത്തിൽ ചേരി തിരിവ് സൃഷ്ടിക്കുന്ന ഇത്തരം നടപടികൾക്ക് ഉത്തരവാദികളായ വളയം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ 153(എ) വകുപ്പ് പ്രകാരം കേസ് എടുത്ത് ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു
Station march tomorrow UDF against the communal and inhumane stances of the Valayam police