എടച്ചേരി :(nadapuram.truevisionnews.com) സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചും ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആശയങ്ങൾ സ്വീകരിച്ചും എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഇ കെ വിജയൻ എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു.



സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവർത്തനങ്ങളുടെ അവതരണം, വികസനരേഖാ പ്രകാശനം, ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കൽ, കെ-സ്മാർട്ട് ക്ലിനിക്, ചർച്ച എന്നിവ സദസിന്റെ ഭാഗമായി നടന്നു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനസ്ഥാപിക്കൽ, ജലനിധി പ്രശ്നം പരിഹരിക്കൽ, ഓട്ടോ- ടാക്സി സ്റ്റാൻഡ് നിർമ്മിക്കൽ, ചുണ്ടയിൽ പുതിയങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കൽ, ചാലോട് പുഴയുടെ വശംകെട്ടി സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു.
ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, ജൂനിയർ സൂപ്രന്റ് എം സുനീർകുമാർ, തുണേരി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, മെമ്പർ ഡാനിയ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ രാജൻ കൊയിലോത്ത്, എൻ നിഷ, ഷീമ വള്ളിൽ, ആസൂത്രണ ഉപാധ്യക്ഷൻ ടി വി ഗോപാലൻ, ടി അനിൽകുമാർ, ടി പി പുരുഷു, സി സുരേന്ദ്രൻ മാസ്റ്റർ, ഗംഗാധരൻ പാച്ചാക്കര, വി പി സുരേന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി നിഷ, റിസോഴ്‌സ് പേഴ്‌സൺ ടി സുമേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ
വികസന പ്രവർത്തനങ്ങളിൽ സമാനതകൾ ഇല്ലാത്ത മുന്നേറ്റമാണ് എടച്ചേരി പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 'ലൈഫ്' പദ്ധതിയിലൂടെ 2021- 2025 വരെ 204 വീടുകൾ അനുവദിച്ചു നൽകി.
ശിശുസൗഹൃദ പ്രവർത്തനങ്ങളിൽ നിരവധി പദ്ധതികൾ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 30 അങ്കണവാടികളിൽ ഒമ്പതെണ്ണം ക്രാഡിൽ അങ്കണവാടികളാണ്. പോഷകാഹാര വിതരണം, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, ശിശു സൗഹൃദ ചുമർചിത്രങ്ങൾ, ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ, ഭിന്നശേഷി കലോത്സവങ്ങൾ, ബാലസഭ പ്രവർത്തനങ്ങൾ, അങ്കണവാടി കലോത്സവങ്ങൾ തുടങ്ങിയവ നടപ്പിലാക്കി.
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ, കട്ടിൽ വിതരണം എന്നിവയും കാർഷിക രംഗത്ത് വനിതകൾക്ക് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യൽ, പശുക്കുട്ടി വിതരണം, കന്നുകുട്ടികൾക്ക് കാലിത്തീറ്റ വിതരണം, വെറ്ററിനറി ഓഫീസ് നവീകരണം തുടങ്ങിയവയും പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളാണ്.
Unparalleled progress; Edachery Development Assembly evaluates development and welfare activities