നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര സർക്കാരിന്റെ സംഘ് പരിവാർ അജണ്ടകൾ ഓരോന്നും കേരളത്തിൽ നടപ്പിലാക്കുന്ന ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു .
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നയിക്കുന്ന വികസന ജാഥ പെരുവങ്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . താനും കുടുംബവും അകപ്പെട്ടിരിക്കുന്ന കേസിൽ നിന്ന് രക്ഷപെടാൻ വേണ്ടി ബിജെപിയുടെ അജണ്ടകൾക്ക് മുന്നിൽ ശിരസ്സ് നമിക്കേണ്ടുന്ന ഗതികേടിലാണ് പിണറായിയും ഇടത് പക്ഷവുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു .
നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു . ഹമീദ് വലിയാണ്ടി ,കെ എം രഘുനാഥ് ഉപ ലീഡർമാർ , നിസാർ എടത്തിൽ , വി വി റിനീഷ് ഡയറക്ടർമാർ , അഖില മര്യാട്ട് , സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് കോർഡിനേറ്റർമാരായുമാണ് ജാഥ നയിക്കുന്നത് . സൂപ്പി നരിക്കാട്ടേരി , സജീവൻ വക്കീൽ , മുഹമ്മദ് ബംഗ്ലത്ത് , മോഹനൻ പാറക്കടവ് , പി കെ ദാമു മാസ്റ്റർ , എന്നിവർ സംസാരിച്ചു .
ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്നതിന്നാണു ജാഥ നടക്കുന്നത് . മൂന്ന് ദിവസം കാൽനടയായാണ് വികസനജാഥ നടത്തുന്നത് . പെരുവങ്കരാ നിന്ന് ആരംഭിച്ച ജാഥ ഒന്നാം ദിവസം തെരുവംപറമ്പ് കല്ലാച്ചി ടൗൺ സിആർപി മുക്ക് ചിയ്യൂര് പൗർണമി വായനശാല നരിക്കാട്ടേരി സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നു.



നാദാപുരം ചേലക്കാട് ടൗണിൽ ഒന്നാം ദിവസം സമാപിക്കും . വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഷ്‌റഫ് പൊയിക്കര , പി പ്രേമൻ മാസ്റ്റർ , കോടുക്കണ്ടി മൊയ്തു എന്നിവർ സംസാരിച്ചു.
Development march led by Grama Panchayat President V.V. Muhammadali begins in Nadapuram





































