പയ്യോളി: [nadapuram.truevisionnews.com] ഇന്ത്യയുടെ ആണവ പരീക്ഷണ ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ പൊഖ്‌റാനിൽ നിന്നുള്ള കലാവിരുതുകൾ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ജനശ്രദ്ധയാകർഷിക്കുന്നു.
1974-ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡ് നാമത്തിൽ നടത്തിയ ആണവ പരീക്ഷണത്തിന്റെ ഓർമ്മ പുതുക്കുന്ന ടെറാകോട്ട ബുദ്ധപ്രതിമകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അഭിമാനകരമായ ആ ചരിത്ര മുഹൂർത്തത്തോടുള്ള ബഹുമാനസൂചകമായാണ് പൊഖ്‌റാനിൽ നിന്നുള്ള കലാകാരന്മാർ ബുദ്ധരൂപങ്ങൾ മണ്ണിൽ വിരിയിക്കുന്നത്.
ധാരാളമായി കളിമണ്ണ് ലഭ്യമായ പൊഖ്‌റാനിൽ ടെറാകോട്ട നിർമ്മാണം ഒരു പാരമ്പര്യ കലയാണെന്ന് സ്റ്റാൾ ഉടമയായ കിഷൺ പറയുന്നു.മേളയിലെത്തുന്നവരെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് കളിമണ്ണിലും സെറാമിക്കിലും നിർമ്മിച്ച ചെറിയ കിളിവിസിലുകളാണ്.
കാഴ്ചയിൽ ലളിതമെന്ന് തോന്നുമെങ്കിലും ഇതിനുള്ളിൽ അല്പം വെള്ളമൊഴിച്ച് ഊതിയാൽ യഥാർത്ഥ കിളികളുടെ നാദം പുറത്തുവരും. ഊതുന്ന ശക്തിക്കും വെള്ളത്തിന്റെ ചലനത്തിനുമനുസരിച്ച് ശബ്ദവ്യതിയാനം സംഭവിക്കുന്ന ഈ കുഞ്ഞൻ വിസിലുകൾ പരീക്ഷിച്ചു നോക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ബുദ്ധപ്രതിമകൾക്ക് പുറമെ വൈവിധ്യമാർന്ന ഒരുപിടി ഉൽപ്പന്നങ്ങളാണ് രാജസ്ഥാൻ സ്റ്റാളിലുള്ളത്. പാരമ്പര്യ ശൈലിയിലുള്ള റാന്തൽവിളക്കുകൾ, ലൈറ്റ് ഷെയ്ഡുകൾ. കളിമണ്ണിൽ തീർത്ത കുതിര, ജിറാഫ്, ഒട്ടകം, ആന തുടങ്ങിയ രൂപങ്ങൾ.
തങ്ങളുടെ പാരമ്പര്യത്തെയും രാജ്യത്തിന്റെ ചരിത്രത്തെയും മണ്ണിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയാണ് പൊഖ്‌റാനിൽ നിന്നുള്ള ഈ കലാകാരന്മാർ.
Rajasthani handicrafts are amazing in Sargalaya










































